തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റോഡുകളിൽ രാപ്പകൽ ഭേദമന്യേ ആൾസഞ്ചാരം നിയന്ത്രിക്കുന്ന പൊലീസിന്റെ ആരോഗ്യ സംരക്ഷണത്തിന് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കരുതൽ. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊലീസിനുള്ള പ്രതിരോധ മരുന്നുകളുടെ കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സിറ്റി കമ്മിഷണർ ആർ. ആദിത്യക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ആയുർവേദ ഡി.എം.ഒ: ഡോ. കെ. സലജകുമാരി എന്നിവർ സംസാരിച്ചു. രണ്ടായിരത്തിലേറെ പൊലീസുകാർക്കുളള കിറ്റുകളാണ് കമ്മിഷണർക്ക് കൈമാറിയത്. റോഡുകളിലെ പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളിൽ ആവശ്യമായ ഔഷധ കുടിവെളളവും ആയുഷ് വകുപ്പ് വിതരണം ചെയ്തു.
ആയുഷ് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ശ്രീവൽസ് സംബന്ധിച്ചു. 25000 ത്തിലേറെ വരുന്ന അതിഥി തൊഴിലാളികൾക്കുളള കിറ്റുകളും ജില്ലാ പഞ്ചായത്ത് ആയുഷ് വകുപ്പ് വഴി വിതരണം ചെയ്തു.