അണുമുക്തമാക്കാനുള്ള മിശ്രിതം പുകമഞ്ഞ് പോലെ


തൃശൂർ: ജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളായ ശക്തൻ പച്ചക്കറി മാർക്കറ്റിലും ജനറൽ ആശുപത്രിയിലും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണൽ സ്ഥാപിച്ചു. ശക്തൻ പച്ചക്കറി മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് ഒരു കവാടത്തിലൂടെ മാത്രമാക്കി ആ കവാടം അണുനശീകരണത്തിനായി സാനിറ്റൈസർ മിസ്റ്റ് രൂപത്തിലാക്കി സ്‌പ്രേ ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

അണുവിമുക്തമായി പ്രവേശിക്കാവുന്ന തുരങ്കം കേരളത്തിൽ ആദ്യമായാണെന്ന് പറയുന്നു. തുരങ്കത്തിനു മുകളിൽ സ്ഥാപിച്ച ചട്ടക്കൂടിന് അടിഭാഗത്ത് അണുമുക്തമിശ്രിതം പുകമഞ്ഞുപോലെ കടത്തിവിട്ടിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾ കടന്നുപോകുമ്പോൾ അണുമുക്തമാകും. പക്ഷേ, ഈർപ്പമുണ്ടാകുകയുമില്ല. ക്ലോറിൻ അടങ്ങിയ ഹൈപ്പോക്ലോറേറ്റ് മിശ്രിതമാണ് നിറയ്ക്കുന്നത്. ആരെങ്കിലും പ്രവേശിച്ചാലുടൻ സെൻസർ വഴി തുരങ്കത്തിനുള്ളിൽ മിശ്രിതം നിറയും.

തമിഴ്‌നാട്ടിൽ നേരത്തേ ഏർപ്പെടുത്തിയ സംവിധാനമാണിത്.

ലോക്ഡൗൺ കാലഘട്ടത്തിൽ പൊതുജനങ്ങൾ അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് എത്തുന്ന സ്ഥലമാണ് ശക്തൻ പച്ചക്കറി മാർക്കറ്റ്. പല സ്ഥലത്തുനിന്നും വരുന്നവരാണ് ഇവിടെ എത്തുന്നത്. പുലർച്ചെ നാലുമുതൽ സജീവമാകുന്ന ശക്തൻ മാർക്കറ്റിൽ ദിവസവും എത്തുന്നവർ നിരവധിയാണ്. നാട്ടിൻപുറങ്ങളിലേക്കും ഇവിടെ നിന്ന് പച്ചക്കറി കയറ്റിപ്പോകുന്നുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമായതിനാൽ തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രി കവാടത്തിലും ഇതേ സംവിധാനം ഒരുക്കി. രോഗികൾ വരുമ്പോഴും പോകുമ്പോഴും അണുവിമുക്തരാക്കുന്നതിനായി മറ്റു താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം നടപ്പാക്കുന്നുണ്ട്.

ശക്തൻ പച്ചക്കറി മാർക്കറ്റിലെ കവാടം മേയർ അജിത ജയരാജനും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ചേർന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച അണുനശീകരണ ടണൽ നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ തുറന്നു. കളക്ടർ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയർ റാഫി ജോസ് പി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി, ഡി.പി.സി. മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ അനൂപ് കരിപ്പാൽ, എം.എസ്. സംപൂർണ്ണ, കെ. മഹേഷ് എന്നിവർ സന്നിഹിതരായി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ തൃശൂരും തൃശൂർ കോർപറേഷൻ ആശുപത്രിയിൽ മാംഗോ ബേക്കേഴ്‌സുമാണ് അണുനശീകരണ ടണൽ സ്ഥാപിച്ചിട്ടുള്ളത്.