കയ്പമംഗലം: അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരുടെ വിശപ്പകറ്റുന്ന കയ്പമംഗലം പഞ്ചായത്ത് ശ്രദ്ധേയമാകുന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സർക്കാരിന്റെ നിർദ്ദേശാനുസരണം ആരംഭിച്ച സമൂഹ അടുക്കളിയിലൂടെ ഒറ്റപ്പെട്ടു കഴിയുന്നവർക്കും നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് വിശപ്പകറ്റാൻ കഴിയുന്നത്. കൂടാതെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഭക്ഷണശാല പ്രതിദിനം നൂറിലധികം ആളുകളുടെ വിശപ്പ് അകറ്റുന്നുണ്ട്.
ആർക്കും പരാതികളോ പരിഭവമൊ ഇല്ലാതെ രണ്ട് സമൂഹ അടുക്കളകളാണ് പ്രവർത്തിക്കുന്നതെന്ന് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് പറഞ്ഞു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഞ്ചായത്താണ് കയ്പമംഗലം. 700 ലധികം പേർ ഇതിനോടകം രജിസ്റ്റർ ചെയ്ത് ഭക്ഷണസാധനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ ദിവസം സർക്കാർ നൽകുന്ന ഭക്ഷണ കിറ്റുകളുടെ വിതരണവും നടന്നു. അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണക്കിറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് നിർവഹിച്ചു.
ഇതോടൊപ്പം ഇവർക്കാവശ്യമായ മരുന്നും ബോധവത്കരണവും നൽകി. സർക്കാർ അനുവദിച്ച സൗജന്യ റേഷൻ 90 ശതമാനം വിതരണം ചെയ്ത് കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും ഭക്ഷണം പൊതിയാനുള്ള വാഴയിലയും ന്യൂസ് പേപ്പറും ഉൾപ്പെടെ പൊതുജനങ്ങളുടെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് നടക്കുന്നത്.