പടവ് കമ്മറ്റിയുടെ അനാസ്ഥയിൽ കൊയ്യാനാകാതെ 700 ഏക്കർ കൃഷി വെള്ളത്തിൽ

അരിമ്പൂർ: മഴപെയ്തിട്ടും നെല്ല് കൊയ്തെടുക്കാൻ യന്ത്രം കൊണ്ടുവരാത്തതിൽ നെൽക്കർഷകർ പ്രതിഷേധവുമായി രംഗത്ത്. അരിമ്പൂർ ചാലാടി കോളിലെ കർഷരാണ് അപ്രതീക്ഷിതമായി എത്തിയ മഴയിൽ കുടുങ്ങിയത്. പാടശേഖര സമിതിയുടെ അനാസ്ഥയിലാണ് കൊയ്ത്ത് വൈകിയതെന്ന് കർഷകർ ആരോപിച്ചു.

എഴുന്നൂറ് ഏക്കറോളം വരുന്നതാണ് ചാലാടി പഴംകോൾ പടവുകൾ. ഇവിടെ വിതച്ച ഉമ വിത്ത് 120 ദിവസത്തെ മൂപ്പിൽ കൊയ്യാമെന്നിരിക്കെ 150 ദിവസം പിന്നിട്ടിട്ടും കൊയ്ത്തുമെതിയന്ത്രം എത്തിക്കുന്നതിൽ അലംഭാവം കാണിച്ചതായാണ് കർഷകരുടെ ആരോപണം.

ലോക്ക് ടൗൺ പ്രഖ്യാപിച്ചതോടെ കൊയ്ത്തുയന്ത്രത്തിന്റെ ഡ്രൈവർമ്മാർ നാട്ടിലേക്ക് പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പാടശേഖരസമിതി അധിക്യതർ പറയുന്നു. ഇതിനിടെ കൊയ്ത്ത് കഴിയും മുമ്പേ ചാലാടി കോൾപ്പടവിൽ താറാവിനെ ഇറക്കുന്നതിന് കരാർ കൊടുത്തത് വിവാദമായി. താറാവുകളെ പാടത്തിറക്കും മുൻപ് ടെൻഡർ വിളിക്കണം. കർഷകർ അറിയാതെ നടത്തിയ ഈ ഇടപാടിന് പടവ് കമ്മിറ്റി ഉത്തരം പറയണമെന്നും കർഷകർ ആവശ്യപ്പെട്ടു.

കൊയ്ത്തുയന്ത്രം ലഭിക്കാനില്ലാതെ അരിമ്പൂർ പഞ്ചായത്തിലെ കർഷകർ വലയുമ്പോൾ ആർക്കും വേണ്ടാതെ കിടക്കുന്ന അന്തിക്കാട് ബ്ലോക്കിന്റെ വിപണന കേന്ദ്രത്തിലെ മൂന്ന് കൊയ്ത്തുയന്ത്രങ്ങൾ ആലപ്പുഴയിൽ കൊയ്ത്ത് നടത്താൻ പോയിരിക്കുകയാണെന്ന് അന്തിക്കാട് ബ്ലോക്ക് വൃത്തങ്ങൾ അറിയിച്ചു. 5 പഞ്ചായത്തുകൾക്ക് ഉപയോഗപ്പെടുത്താവുന്ന ഈ യന്ത്രങ്ങൾ അന്തിക്കാട് പടവുകാർ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി പഞ്ചായത്തുകൾക്ക് അധികത്തുകയ്ക്ക് സ്വകാര്യ വ്യക്തികളുടെ യന്ത്രം എത്തിക്കുന്നതു വഴി ലഭിക്കുന്ന കമ്മിഷൻ പങ്കിട്ട് എടുക്കാനാണ് ലക്ഷ്യമെന്നും പറയുന്നു.


കമന്റ് 1


കൊയ്ത്തുയന്ത്രങ്ങൾ എത്താത്തതിനാൽ ഒരാഴ്ച മുമ്പ് കൊയ്തെടുക്കേണ്ട നെല്ല് മഴ പെയ്തിട്ടും വിളവെടുക്കാൻ തീരുമാനമായില്ല. അഗ്രോയുടെ കൊയ്ത്തുയന്ത്രം വേണമെന്ന് മുൻകുട്ടി അറിയിക്കാത്തതിന്നാൻ കിട്ടിയിട്ടില്ല. അന്തിക്കാട് ബ്ലോക്കിന്റെ മൂന്ന് യന്ത്രങ്ങൾ ഉണ്ടായിട്ടും കൊണ്ടുവരാൻ തയ്യാറായിട്ടില്ല. ഇവരിൽ നിന്ന് കമ്മിഷന് കിട്ടാത്തതാണ് കാരണം. രണ്ട് മഴ കൂടി പെയ്താൽ തീരെ കൊയ്തെടുക്കേണ്ടി വരില്ല.

- എ. വിദ്യാധരൻ, കർഷകൻ


കമന്റ് 2
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യന്ത്രത്തിന്റെ ഡ്രൈവർമാർ നാട്ടിലേക്ക് പോയതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ തവണ സ്വകാര്യയന്ത്രം ഉടമകളുമായി വയ്ക്കോൽ എടുക്കാമെന്ന് ഒരു കരാർ ഉണ്ടാക്കിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും അവർക്ക് കൊടുക്കാൻ തയ്യാറായത്. കർഷകർ പ്രതിഷേധവുമായി വന്ന സഹചര്യത്തിൽ കളക്ടറുമായി ചർച്ച ചെയ്ത് യന്ത്രങ്ങൾ കൊണ്ടുവരാൻ നടപടി തുടങ്ങി. ഞാനും കർഷകനാണ്. അതിനാൽ കർഷകരുടെ വികാരം മനസ്സിലാക്കുന്നു.

- കെ.കെ. ശശിധരൻ, അരിമ്പുർ ചാലാടി പാടശേഖര സമിതി പ്രസിഡന്റ്