മേലൂർ: പൂലാനിയിലെ നിരവധി കാരുണ്യ ജീവിതങ്ങളിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ പരത്തുകയാണ് കൊവിഡ് കാലം. കഴിഞ്ഞ ഒന്നര വർഷമായി സായംകാലത്തെ ജീവിതം ശാന്തവും മനോഹരുമാക്കുവാൻ ഇവിടെ സമ്മേളിച്ചിരുന്നത് അമ്പതിൽ അധികം പേർ. കൂടുതലും എഴുപതു പിന്നിട്ടവർ. സ്ത്രീകൾക്ക് മുൻ തൂക്കമുള്ള പകൽവീട്ടിൽ സപ്തതിയും നവതിയും പിന്നിട്ടവരുണ്ട്. ഇവർക്കെല്ലാം മേലൂർ പഞ്ചായത്ത് ഒരുക്കിയ അതിഥി മന്ദിരം അത്താണിയായി. ഇപ്പോൾ ഇക്കൂട്ടർ ഒന്നടങ്കം ധർമ്മ സങ്കടത്തിൽ. തങ്ങളുടെ ആനന്ദ ജീവിതമാണ് ലോക്ക് ഡൗണായതെന്ന് ഇവർ പരിതപിക്കുന്നു. എത്രയും വേഗം ഈ വൈറസ് നാടിനെ വിട്ടു പോകട്ടെയെന്നും അത്രയും പെട്ടെന്ന് വീട് വിട്ടു പുറത്തിറങ്ങാനാകട്ടെയെന്നും ഈ അച്ഛനമ്മമാർ ആഗ്രഹിക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു ചെയർമാനും എം.എൻ. ഷാജി കൺവീനറുമായ സമിതി നിയന്ത്രിക്കുന്ന പകൽവീട്ടിൽ ഇവർക്കെല്ലാം നല്ല ഭക്ഷണവും ആഹ്ലാദം നിറഞ്ഞ ജീവിതവുമായിരുന്നു. വൈകീട്ട് സ്വന്തം വീടുകളിലേയ്ക്ക് തിരിക്കുമ്പോൾ പിറ്റേദിവസം ഇവിടയേക്ക് തിരിച്ചെത്തുന്ന രംഗമാണ് സർവരും മനസിൽ കരുതുക. പകൽ വീട് അടച്ചതോടെ ശരീരത്തിന്റെ ചലന ശക്തി നഷ്ടപ്പെട്ട തോന്നലാണെന്ന് കുറുപ്പത്തെ പണ്ട്യാലക്കൽ ഗോവിന്ദൻ പറയുന്നു. പഞ്ചായത്തും നാട്ടിലെ ആർദ്ര മനസുകളും താരാട്ടുപാടുന്ന പകൽ വീട് കൊവിഡ് ദുരിതത്തിന്റെ കടമ്പ മറികടന്ന് എത്രയും വേഗം സാധാരണ നിലിയിലാകുമെന്ന് കൺവീനർ എം.എൻ. ഷാജി പ്രത്യാശിക്കുന്നു.