ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി തുറക്കുളം മത്സ്യമാർക്കറ്റിൽ നിന്ന് പിടികൂടിയ പഴകിയ മീനുകൾ
കുന്നംകുളം: സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി തുറക്കുളം മത്സ്യമാർക്കറ്റിൽ വിൽപ്പനക്ക് എത്തിച്ച പഴകിയ മത്സ്യങ്ങൾ പിടികൂടി. 1500 കിലോ മീൻ ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പിടികൂടി നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 5ന് നടത്തിയ പരിശോധനയിലാണ് അഴുകിയ മീൻ കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നിർദേശം അനുസരിച്ചാണ് പരിശോധന നടത്തിയത്. ദിവസങ്ങളായി കുന്നംകുളം മാർക്കറ്റിൽ ചെറിയതോതിൽ മത്സ്യ കച്ചവടം നടത്തുന്നുണ്ട്. ഈ മീനുകൾ എല്ലാം ദൂരസ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. മത്സ്യബന്ധനം നിറുത്തി വച്ചതോടെ ദിവസങ്ങളോളം പഴക്കമുള്ള മീനാണ് കുന്നംകുളം മേഖലയിൽ എത്തുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം രണ്ടു പെട്ടി പഴകിയ മീൻ പിടികൂടി നശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ വലിയ കണ്ടെയ്‌നറുകളിലായി എത്തിയ എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീനുകളാണ് ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കുന്നംകുളം മാർക്കറ്റിൽ ആദ്യമായാണ് ഇത്രയധികം മീൻ എത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.