തൃശൂർ: കൊവിഡ് ലോക്ഡൗൺ കാലത്ത് ജില്ലയിൽ വ്യാപകമായി പഴകിയ മത്സ്യ വിൽപ്പന. മത്സ്യ മാർക്കറ്റുകൾ വഴിയാണ് വിൽപ്പന നടക്കുന്നത്. ആന്ധ്ര, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നെത്തിയ മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് വിൽപ്പന നടത്തുന്നത്. കോൾഡ് സ്‌റ്റോറേജിൽ മാസങ്ങളോളം സൂക്ഷിച്ച മീനുകളാണ് ധാരാളമായി എത്തുന്നത്.
ലോക്ക് ഡൗൺ ആയതോടെ മത്സ്യബന്ധനം വളരെ പരിമിതമായി മാത്രമെ നടക്കുന്നുള്ളു. കൂടാതെ ജില്ലയിൽ നിന്ന് ലഭിച്ച മത്സ്യങ്ങളും വളരെ കാലം സൂക്ഷിച്ച ശേഷം എത്തുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ജില്ലാ ഫുഡ് സേഫ്റ്റി ഡെപ്യുട്ടി കമ്മിഷണർ ജനാർദ്ദനന്റെ നിർദ്ദേശ പ്രകാരം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 11600 കിലോ അഴുകിയ മത്സ്യമാണ് പിടിച്ചെടുത്തത്.
പുലർച്ചെ അഞ്ചോടെയാണ് കുന്നംകുളം, തൃശൂർ മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങൾ പിന്നീട് നശിപ്പിച്ചു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ മാർക്കറ്റിൽ എത്തിയാൽ മറ്റ് വാഹനങ്ങൾ മാർക്കറ്റിലേക്ക് കടക്കാതെ പോകുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കുകയും ശക്തമായ താക്കീത് നൽകുകയുമാണ് ചെയ്യുന്നത്. ഫുഡ് സേഫ്ടി ഓഫീസർമാരായ രേഷ്മ, അനിൽ കുമാർ, സരിത എന്നിവരാണ് മത്സ്യം പിടിച്ചെടുത്തത്.
ലോക് ഡൗൺ കാലത്ത് പിടിച്ചെടുത്ത അഴുകിയ മത്സ്യം -2200 കിലോ
ഇന്നലെ പിടിച്ചെടുത്തത്
കുന്നംകുളം- 1440 കിലോ
തൃശൂർ -100
മത്സ്യങ്ങൾ- വരയൻ ചൂര, ചെമ്മീൻ
മത്സ്യങ്ങൾ എത്തുന്നത് - ആന്ധ്ര, കൊച്ചി, ചാവക്കാട്
മത്സ്യ മാർക്കറ്റുകളിലും മറ്റ് വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കും. ഈസ്റ്റർ പ്രമാണിച്ച് ഇത്തരത്തിലുള്ള പഴകിയ മത്സ്യം വിൽക്കാനുള്ള സാദ്ധ്യത ഏറെയാണ്. അത് കൊണ്ട് പ്രത്യേക സ്‌ക്വാഡുകളെ പുലർച്ചെ മുതൽ തന്നെ പരിശോധനക്ക് തയ്യാറാക്കിയിട്ടുണ്ട്.
- ജനാർദ്ദനൻ, ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡെപ്യുട്ടി കമ്മിഷണർ.