krishi
അന്നമനട ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി സംഭരിക്കുന്നതിന്റെ ഉദ്‌ഘാടനം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കർഷകരുടെയും ഇതര ജനവിഭാഗങ്ങളുടെയും ആശങ്കകൾക്ക് പരിഹാരമായി കൃഷി വകുപ്പ് പച്ചക്കറി സംഭരണ വിപണന പദ്ധതി ആരംഭിച്ചു. പച്ചക്കറി കർഷകരെ സഹായിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഉത്പന്നങ്ങൾ ലഭിക്കുന്നതിനുമായാണ് കൃഷി വകുപ്പ് പദ്ധതി. കാർഷിക ഗ്രാമമായ അന്നമനടയിൽ ഭൂരിപക്ഷം പേരും കൃഷി ചെയ്ത ഉത്പന്നങ്ങൾ ലോക്ക് ഡൗൺ കാരണം വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ സർക്കാർ പദ്ധതിയിൽ കർഷകർക്ക് പച്ചക്കറികൾ വിൽക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.

അന്നമനട ഫാർമേഴ്‌സ് ക്ലബ് നേതൃത്വം നൽകിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. അന്നമനടയിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കിറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിന് ഫാർമേഴ്‌സ് ക്ലബ്ബ് നേതൃത്വം നൽകുന്നു. ഈ പദ്ധതിയിലൂടെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില അപ്പോൾ തന്നെ ലഭിക്കുന്നതിന് പുറമേ ജനങ്ങൾക്ക് നേരിട്ട് നല്ല നാടൻ പച്ചക്കറി കിട്ടുമെന്ന പ്രത്യേകതയുമുണ്ടെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു.

ആഴ്ചയിൽ രണ്ട് തവണ കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കാനാണ് പദ്ധതിയുള്ളത്. കൃഷി വകുപ്പ് നിർദേശം അനുസരിച്ച് തുടങ്ങിയ പച്ചക്കറി സംഭരണ വിപണന പദ്ധതി കർഷകർക്കും ജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷകരുടെ പ്രാദേശിക വിപണിയായി ക്ലബ്ബ് മാറിയിരിക്കുകയാണ്. ലോക് ഡൗൺ കഴിഞ്ഞാലും സമാനമായ പദ്ധതി തുടരാനാണ് ഫാർമേഴ്‌സ് ക്ലബ്ബ് ആലോചിക്കുന്നത്.