എ.എ.വൈ കാർഡുകാർക്ക് 11 ന് ശേഷം

തൃശൂർ: ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് മൂലം ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം നീളും. ഇന്ന് ആകെ നൽകുന്നത് ട്രൈബൽ കോളനികളിലെ 126 കുടുംബങ്ങൾക്ക് മാത്രം. 17 ഇനങ്ങൾ അടങ്ങിയ ആയിരം രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് നൽകുന്നത്. എന്നാൽ പരിപ്പ്, ചെറുപയർ, റവ ഉൾപ്പടെയുള്ളവയുടെ ലഭ്യതക്കുറവ് മൂലം മറ്റുള്ളവർക്കുള്ള കിറ്റ് വിതരണം 11ന് ശേഷമേ ഉണ്ടാകൂവെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നു.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇവയുടെ വരവ് കുറഞ്ഞതോടെ കിറ്റ് തയ്യാറാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിലവിൽ എ.എ.വൈ(മഞ്ഞ കാർഡ്), ബി.പി.എൽ(പിങ്ക് കാർഡ്) എന്നിവർക്കാണ് കിറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യം എ.എ.വൈ കാർഡുകാർക്കും പിന്നിട് ബി.പി.എൽ വിഭാഗക്കാർക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ ഇരു വിഭാഗങ്ങളിലായി മൂന്നു ലക്ഷത്തിലേറെ പേർക്ക് കിറ്റ് നൽകണം. അതിന് ശേഷമായി സർക്കാർ ഉത്തരവ് വന്നാൽ മുൻഗണന വിഭാഗത്തിൽപ്പെടാത്തവർക്ക് നൽകാൻ സാധിക്കൂ.

നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ അതിനുള്ള സാദ്ധ്യത കുറവാണെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ബി.പി.എൽ കുടുംബങ്ങൾക്കുള്ള വിതരണവും നീണ്ടു പോയേക്കും. തൃശൂരിൽ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സാധനങ്ങൾ ഉൾക്കൊള്ളിച്ച് കിറ്റുകൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. പരിപ്പും ചെറുപയറും ഇന്നും നാളെയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ജില്ലയിലെ എ.എ.വൈ കാർഡുകൾ- 52,677
ബി.പി.എൽ വിഭാഗം(പിങ്ക് കാർഡ്)- 2,81,865
എ.പി.എൽ (നീല കാർഡ്) 231219,

വെള്ള-2,71,197

കിറ്റിലുള്ളത്
പഞ്ചസാര (1 കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (1 കിലോ), ചെറുപയർ (1 കിലോ), കടല (1 കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (1 കിലോ), മുളക് പൊടി (100ഗ്രാം), മല്ലി പൊടി(100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്‌ളവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (1 കിലോ).

ലഭ്യതക്കുറവുള്ള ഇനങ്ങൾ
പരിപ്പ്, ചെറുപയർ, റവ