മാള: ലോക് ഡൗണിൽ കുരുങ്ങിയ വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കിയ പദ്ധതിക്ക് സ്വീകാര്യതയേറുന്നു. കൊവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നടങ്കം അടച്ചിടേണ്ട സ്ഥിതി സംജാതമായപ്പോൾ പരമ്പരാഗത അദ്ധ്യയനം അസാദ്ധ്യമായപ്പോഴാണ് അസാപ് നൂതന പദ്ധതി ആവിഷ്കരിച്ചത്.

കൊവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിനും ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വീണുകിട്ടിയ അവസരം തൊഴിൽ മേഖലകളെ കുറിച്ച് അറിയുന്നതിനും, തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനും കഴിയും. അതിനുള്ള അവസരമാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) ഒരുക്കിയിട്ടുള്ളത്.

വിദ്യാർത്ഥികളെ സയൻസ്, കോമേഴ്‌സ്, ആർട്സ്, എൻജിനിയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് ഈ ഹ്രസ്വ കാല കോഴ്സ് ലഭിക്കുന്നത്. ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ഓൺലൈനായി ലഭ്യമാക്കുന്നത്. കൂടാതെ വിവിധവിഷയങ്ങളിൽ ബിരുദ - ബിരുദാനന്തരധാരികളായവർക്ക് അനുയോജ്യമായതും വ്യവസായ ലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ പരിപാടികളും ഉണ്ട്.

വിവിധ മേഖലകളിലെ സാദ്ധ്യതകളെ സംബന്ധിച്ച് അതത് മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാർത്ഥികളുമായി സംവദിക്കുന്നു. എല്ലാദിവസവും രാവിലെ 11നും വൈകീട്ട് നാലിനും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കുന്നതാണ്. മാർച്ച്‌ 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.

വിശദവിവരങ്ങൾക്ക് www.asapkerala.gov.in / www.skillparkkerala.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.

കമന്റ്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു കോഴ്സ് ആരംഭിച്ചത്. ഇതിനകം നിരവധി വിദ്യാർത്ഥികളാണ് ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രണ്ട് നേരവും ഒരു മണിക്കൂർ വീതമാണ് കോഴ്സ്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

- എം.എ. സുമി, അസാപ് തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ.