തൃശൂർ: അനിൽ അക്കര എം.എൽ.എയുടെ വീട്ടിലെ തൊഴുത്തിൽ നിന്ന് പൂച്ചയുടെ തല കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. തൃശൂർ അടാട്ടുള്ള വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ വീടിന് സമീപത്ത് ഒരാൾ നിൽക്കുന്നത് കണ്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

പശുക്കൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലായിരുന്നു പൂച്ചയുടെ തല. രാവിലെ എം.എൽ.എ എത്തിയപ്പോഴാണ് തല കണ്ടത്.

പൂർണമായും മൂടിവച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാൽ അത് കാര്യമാക്കാതെ കുഴിച്ചിട്ടു. സംഭവത്തിന് പിന്നിൽ ആളുകളെ പേടിപ്പെടുത്താൻ ആസൂത്രിതമായി നടക്കുന്നവരാകാമെന്നും മാദ്ധ്യമ ശ്രദ്ധ കിട്ടാനുമാകാമെന്നും രാഷ്ട്രീയമില്ലെന്നും എം.എൽ.എ പറഞ്ഞു.

സംഭവത്തിൽ പേരാമംഗലം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചെങ്കിലും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് സി.ഐ പറഞ്ഞു.സാമൂഹിക വിരുദ്ധരുടെ വികൃതികൾക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എം.എൽ.എയുടെ വീട് തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.

എം.എൽ.എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സി.സി.ടി.വി കാമറകളിൽ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എം.എൽ.എയുടെ വീട്ടിൽ കൊണ്ടിട്ടതെന്നും കരുതുന്നു. ഉടലിന്റെ മറ്റുഭാഗം കണ്ടെത്താൻ പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുന്നംകുളത്ത് അജ്ഞാതരൂപത്തെ കണ്ടെന്ന പേരിൽ നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു.

അജ്ഞാത രൂപത്തെ ചൊല്ലി കിംവദന്തികൾ പ്രചരിക്കുമ്പോഴാണ് പൂച്ചത്തലയും അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത്. അജ്ഞാത രൂപമില്ലെന്ന് പൊലീസ് ആവർത്തിച്ച് പറഞ്ഞിരുന്നു.