തൃശൂർ: മാസങ്ങളായി വറുതി അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതി. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ എത്രയും പെട്ടെന്ന് നൽകണം. കൊറോണയെ തുടർന്നു പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രൊജക്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2020 മാർച്ച് 26നും 30നും കേന്ദ്രഫിഷറീസ് ജോയിന്റ് സെക്രട്ടറി കേരള സർക്കാരിന് കത്തുകൾ നൽകിയിരുന്നു. എന്നാൽ ഇതുവരെ പ്രൊജക്ട് കേന്ദ്രത്തിന് നൽകിയിട്ടില്ല. കൊവിഡ് 19 കൂടി വന്നതോടെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളി സമൂഹം. മറ്റ് മേഖലകളിലെ തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ കേരള സർക്കാർ പ്രഖ്യാപിച്ചപ്പോൾ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് ഒരു പൈസ പോലും വകയിരുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് അഞ്ചുമാസത്തെ പെൻഷൻ കുടിശികയും തണൽ പദ്ധതിയിലെ സഹായവും നൽകണം. സമിതി ആവശ്യപ്പെട്ടു.