തൃശൂർ: സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ രോഗികളെ ചികിത്സിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കണമെന്ന ധാരണപ്രകാരം മുന്നൊരുക്കം തുടങ്ങി. പ്രഖ്യാപനമുണ്ടായാൽ കൊവിഡ്, നോൺ കൊവിഡ് എന്നിങ്ങനെ തരംതിരിച്ചാവും ആശുപത്രിയുടെ പ്രവർത്തനം.

കൊവിഡ്‌ രോഗികൾക്കായി പ്രത്യേക ഒ.പി, ഐ.പി സംവിധാനം, ഐ.സി.യു, വാർഡുകൾ എന്നിവ ഏർപ്പെടുത്തി. ഐസോലേഷന്‌ വേണ്ടി ആദ്യഘട്ടത്തിൽ 458 ബെഡുകൾ, 35 താത്കാലിക ക്യൂബിക്കിളുകൾ എന്നിവയാണ് ഒരുക്കിയത്. രോഗികൾക്കും, ഡോക്ടർമാർക്കും പ്രത്യേക സഞ്ചാരപഥം, ജീവനക്കാർക്ക് പ്രത്യേക മുറികൾ, ഓപറേഷൻ തീയേറ്റർ,ലേബർ റൂം എന്നിങ്ങിനെ സമഗ്രമായ രീതിയിലാണ്‌ കൊവിഡ് ചികിത്സാ ക്രമീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയിലെത്തി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. മികച്ച രീതിയിലാണ് ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ പറഞ്ഞു.
സാമൂഹിക അകലം പാലിച്ചുള്ള ചികിത്സാരീതിയ്ക്കുതകും വിധമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങളെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അഭിപ്രായപ്പെട്ടു. സമൂഹവ്യാപനം നേരിടാൻ ജില്ലാ ഭരണകൂടം എല്ലാ അർത്ഥത്തിലും സജ്ജമാണെന്നും ചാലക്കുടി ആശുപത്രിയിൽ 30 ക്യൂബിക്കിളുകൾ നൽകുമെന്നും കളക്ടർ പറഞ്ഞു. സമൂഹവ്യാപനമുണ്ടായാൽ ആളുകളെ ഐസോലേറ്റ് ചെയ്യാൻ 4000 ത്തിലേറെ മുറികൾ ഹോട്ടലുകളിലും മറ്റുമായി കണ്ടെത്തിയിട്ടുണെന്നു അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആഡ്രൂസ്, ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. നിഷ എം ദാസ്, ഡോ. പി.വി. സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.