തൃശൂർ: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് മരുന്ന് എത്തിച്ചുകൊടുത്ത് പൊലീസ്. മുതുവറ മുണ്ടയൂർ നന്ദകുമാറിന്റെ ഒമ്പത് വയസുള്ള നികേത് ഏതാനും ദിവസം മുമ്പാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ്ക്ക് ശേഷം വീട്ടിൽ കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു കൊവിഡ് 19 നുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ദിവസവും കഴിക്കാനുള്ള മരുന്ന് തീർന്നതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെടുകയും പണമടച്ചാൽ മരുന്ന് നൽകാമെന്നേൽക്കുകയും ചെയ്തു. ഇക്കാര്യം കുട്ടിയുടെ അച്ഛൻ നന്ദകുമാർ പേരാമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് വിവരം കൈമാറിയ പ്രകാരം ഉടൻ ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിന് ഏർപ്പാടാക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ സംവിധാനത്തിലൂടെ നോഡൽ പൊലീസ് സ്‌റ്റേഷനുകൾ വഴി ഹൈവേ പൊലീസാണ് മരുന്ന് പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽ നിന്നും എ.എസ്.ഐ: ബാലസുബ്രഹ്മണ്യൻ, സി.പി.ഒമാരായ രജിത്, വിനീഷ് എന്നിവർ ചേർന്ന് മരുന്നുകൾ നന്ദകുമാറിന്റെ വസതിയിൽ എത്തിച്ചു. കൃത്യസമയത്ത് മരുന്ന് എത്തിച്ചു നൽകാൻ കേരളാ പൊലീസ് ഏർപ്പെടുത്തിയ സംവിധാനത്തിന് നന്ദകുമാറും കുടുംബാംഗങ്ങളും നന്ദിയറിയിച്ചു.