കൊടുങ്ങല്ലൂർ: പ്രളയ നാളുകളിൽ ക്യാമ്പുകളെ അഭയം പ്രാപിക്കേണ്ടി വന്ന പുല്ലൂറ്റ് മേഖലയിലുള്ളവർക്ക് തുണയായി നില കൊണ്ട ദമ്പതികൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി താലൂക്ക് ആശുപത്രിക്ക് ഒരു ഡസൻ ഇൻഫ്രാ റെഡ് തെർമോ മീറ്ററുകൾ ലഭ്യമാക്കി. തൃശൂർ പെരിങ്ങണ്ടൂരിലെ ഇൻഡസ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഡിവൈസസിന്റെ എം.ഡിയും പുല്ലൂറ്റ് മാലാന്ത്ര കുടുംബാംഗവുമായ എൻജിനിയർ രാജപ്പനും കെ.കെ.ടി.എം. കോളേജിലെ റിട്ട. പ്രൊഫ. സതി ടീച്ചറുമാണ് ഈ ദമ്പതികൾ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധനകൾക്ക് അവശ്യം വേണ്ട ഒന്നാണ് ഇൻഫ്രാ റെഡ് തെർമോമീറ്ററുകൾ. മികച്ച നിലവാരത്തിൽ നിർമ്മിക്കപ്പെടുന്ന തെർമോമീറ്ററിന് പതിനായിരം രൂപയോളം വിലവരുമെന്നറിഞ്ഞ് തന്നെയാണ് 12 തെർമോമീറ്ററുകൾ ആശുപത്രിക്കായി സമർപ്പിക്കാൻ ഇവർ തീരുമാനിച്ചത്. പ്രളയകാലത്തെ ഇവരുടെ മറ്റു സേവന പ്രവർത്തനങ്ങൾക്കൊപ്പം തകർന്നുപോയ ഒരു വീടിന്റെ പുനർനിർമ്മാണം പ്രളയാനന്തരം സ്വന്തം ചിലവിൽ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച് സമർപ്പിച്ചിരുന്നു.
നഗരസഭയുടെയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥനും ചെയർമാൻ കെ.ആർ. ജൈത്രനുമായി ആലോചിച്ചാണ് ആശുപത്രിക്ക് തെർമോമീറ്റുകൾ ലഭ്യമാക്കുന്നത്. ഇവ ഏത് ബ്രാൻഡി.. ഉള്ളതാകണമെന്നും എവിടെ നിന്ന് വാങ്ങണമെന്നും നിശ്ചയിക്കാൻ ഡോ. റോഷിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചതറിഞ്ഞ് തെർമോമീറ്ററുകൾ സപ്ലൈ ചെയ്യുന്ന ഏജൻസിക്ക് ഇവർ ഇന്നലെ സംഖ്യ കൈമാറി. ഇന്ന് നാലെണ്ണവും അടുത്ത ദിവസം ബാക്കിയുള്ള എട്ടെണ്ണവും ആശുപത്രിയിലെത്തിക്കുമെന്ന് ഏജൻസി അറിയിച്ചതായി ഡോ. ടി.വി. റോഷ് വ്യക്തമാക്കി