തൃശൂർ: കൊവിഡ് ബാധിച്ച് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് പേർ രോഗം ഭേദമായി ബുധനാഴ്ച ആശുപത്രി വിട്ടു. കണിമംഗലം സ്വദേശി ഹരികൃഷ്ണൻ, ഹരികൃഷ്ണന്റെ ഭാര്യ ലക്ഷ്മി, പാവറട്ടി സ്വദേശിനി ഹസീന എന്നിവരെയാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തത്. തുടർച്ചയായി രണ്ട് നെഗറ്റീവ് ഫലം വന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരമാണ് ഡിസ്ചാർജ് നടത്തിയത്. ആശുപത്രി വിടുന്നതിന് മുൻപ് ചീഫ് വിപ്പ് കെ. രാജനുമായും കളക്ടർ എസ് ഷാനവാസുമായും മൂവരും സംഭാഷണം നടത്തിയിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ച മുൻപായിരുന്നു മൂന്ന് പേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഹരികൃഷ്ണനും ഭാര്യയും ഫ്രാൻസിൽ നിന്നും ഹസീന യു.എ.ഇയിൽ നിന്നുമാണ് കോവിഡ് ബാധിച്ചെത്തിയത്. ആശുപത്രി വിട്ടാലും ഇവർ തുടർന്ന് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.