തൃശൂർ: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കിയ 225 ട്രെയിൻ യാത്രക്കാരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. കിലയിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ സന്ദർശിച്ച കളക്ടർ എസ്. ഷാനവാസ് നിരീക്ഷണകാലാവധി പൂർത്തിയായതായും സ്വന്തം സ്ഥലങ്ങളിലേക്ക് യാത്രാനുമതി നൽകുന്നതായും അറിയിച്ചു. യാത്രാനുമതി ലഭിച്ചവരെ വൈകുന്നേരത്തോടെ പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകളിൽ പറഞ്ഞയച്ചു. 6 ബസുകളാണ് ഇതിനായി ഒരുക്കിയത്. വൈകിട്ട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യാത്രക്കാർക്ക് യാത്രഅയപ്പ് നൽകി. ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് മേരി തോമസ് കെ.എസ്.ആർ.ടി.സി ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു.
നിരീക്ഷണകാലാവധി പൂർത്തിയാക്കിയവർക്ക് ആരോഗ്യപരിശോധന നടത്തി നിരീക്ഷണ കാലാവധി പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് നൽകിയാണ് വിട്ടയച്ചത്. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാർ ലോക്ക്ഡൗൺ കഴിയുന്നത് കിലയിൽ കഴിയണം. അതിഥി തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മാറ്റും.
മാർച്ച് 25ന് പുലർച്ചെ തൃശൂരിലെത്തിയെ ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്‌സ്പ്രസിലെ യാത്രക്കാരെയാണ് നിരീക്ഷണത്തിൽ കിലയിൽ താമസിപ്പിച്ചത്. ലോക്ക് ഡൗൺ കാലയളവിൽ നഗരത്തിൽ കറങ്ങി നടന്ന രണ്ട് വിദ്യാർത്ഥികളെയും കിലയിൽ നിരീക്ഷണത്തിലാക്കി. ഇവർക്കുള്ള ഭക്ഷണം, അവശ്യവസ്തുക്കൾ എന്നിവ ജില്ലാഭരണകൂടം ലഭ്യമാക്കിയിരുന്നു. വളണ്ടിയർമാരുടെ സേവനവും ഏർപ്പെടുത്തി. നിരീക്ഷണ കാലാവധി പൂർത്തിയായി പോകുന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറെ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.