ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി വീണ്ടുംകയറ്റുമതി ചെയ്യാൻ തീരുമാനിച്ചെന്ന വാർത്ത ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന്

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇത്തരത്തിൽ മറുപടി പറഞ്ഞത്. താത്കാലികമായി നിറുത്തിവച്ച കയറ്റുമതി ഇന്ത്യയുടെ ആവശ്യത്തിന് സ്റ്റോക്ക് ചെയ്ത ശേഷമാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ തീരുമാനിച്ചത്. ഇന്ത്യ ആവശ്യപ്പെട്ട മൂന്ന് നിബന്ധനയും അമേരിക്ക അംഗീകരിച്ചു..

ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ മരുന്നിനു വേണ്ടി ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിൽ അന്താരാഷ്ട്ര യുദ്ധം നടന്ന പ്രതീതിയാണ് ചിലർ സൃഷ്ടിച്ചിരിക്കുന്നത്. മരുന്നുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മരുന്നുകളുടെയും കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി മാർച്ച് 25നാണ് നിരോധിച്ചത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ, ചികിത്സാ മേഖലയിലെ അവശ്യവസ്തുക്കളുടെ കണക്കെടുപ്പിനു വേണ്ടിയായിരുന്നു ഇത്. കണക്കെടുപ്പിനു ശേഷം നമുക്കാവശ്യമായ മരുന്നുകളുണ്ടെന്ന് ബോദ്ധ്യമായപ്പോൾ, കയറ്റുമതി പുനരാരംഭിച്ചു.

, മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി നിറുത്തിയതിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞതു കേട്ട് ഇന്ത്യ താണു വീണ് മാപ്പപേക്ഷിച്ച് മരുന്നു കൊടുത്തെന്ന മട്ടിലാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്.യു.എസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ എന്തുകൊണ്ടാണ് തടസം വന്നതെന്ന് ട്രംപ് വ്യക്തമാക്കി. സത്യം പുറത്തുവന്നതോടെ, ,മാദ്ധ്യമങ്ങൾക്കും ഒന്നും പറയാനില്ല.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള കഴിഞ്ഞ 6 വർഷത്തിനിടെ ഒരു കാര്യവും ഇന്ത്യയെ ഭീഷണിപ്പെടുത്തി ഒരു രാജ്യത്തിനും ചെയ്യാനായിട്ടില്ല. പ്രാദേശിക സംയോജിത ഉത്പന്ന കൈമാറ്റ ഉടമ്പടിയുടെ കാര്യം വിമർശകർ മറന്നു പോയോ? രാജ്യതാത്പര്യം സംരക്ഷിക്കുന്ന കരാറിലേ ഒപ്പുവയ്ക്കൂ എന്നതാണ് ഇന്ത്യ അന്നെടുത്ത നിലപാട്.സിനിമകളിൽ കവലച്ചട്ടമ്പികളുടെ ഭീഷണിക്ക് വഴങ്ങുന്ന സാധുവായ നായകനായി ഇന്ത്യൻ പ്രധാനമന്ത്രിയെ ചിത്രീകരിക്കാൻ ഇടതുപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നു.- മുരളീധരൻ പറഞ്ഞു.