ചാവക്കാട് : ബറാഅത്ത് രാവിന്റെ ഭാഗമായി കബർസ്ഥാനിൽ പ്രാർത്ഥനയ്‌ക്കെത്തിയവർക്കെതിരെ നിയമം ലംഘിച്ച് ഒത്തുകൂടിയതിന്റെ പേരിലും ഔദ്യോഗിക കൃത്യനിർവഹണം തടപ്പെടുത്തിയെന്ന പേരിലും ചാവക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകിട്ട് തിരുവത്ര പുത്തൻകടപ്പുറത്തായിരുന്നു സംഭവം. കബർസ്ഥാനിൽ പലയിടങ്ങളിലായി നിന്ന് പ്രാർത്ഥിച്ചിരുന്ന യുവാക്കൾ അതുവഴിവന്ന പൊലീസ് ജീപ്പ് കണ്ട് ചിതറി ഓടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ബൈക്കിനെ പിന്തുടർന്ന് പള്ളിയുടെ പിൻവശത്തെ വീട്ടിലെത്തിയ പൊലീസ് നാല് ബൈക്കുകൾ നിറുത്തിയിട്ടതായി കണ്ടു. ബൈക്കുകളുടെ ആർ.സി ബുക്കും രേഖകളും ആവശ്യപ്പെട്ട പൊലീസുമായി ഗൃഹനാഥനും വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട് ബൈക്കുകൾ കസ്റ്റഡിയിലെടുക്കാൻ സന്നാഹങ്ങളുമായി എത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്.