tv-babu-

തൃശൂർ: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും അധഃസ്ഥിത, പിന്നാക്ക സമുദായങ്ങളുടെ മുന്നണിപ്പോരാളിയുമായ ടി.വി. ബാബു (63) അന്തരിച്ചു. തൃശൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ ഇന്നലെ പുലർച്ചെ 1.40ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 11.30നാണ് ഇവിടെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഇന്നലെ വൈകിട്ട് മൂന്നിന് ചിറക്കൽ കോട്ടം ശ്മശാനത്തിൽ സംസ്കാരം നടത്തി.

ചാഴൂർ മങ്ങാട്ടുപാടത്തായിരുന്നു താമസം. തൃശൂർ ഇഞ്ചമുടി മാട്ടുമ്മൽ തെക്കുംപാടൻ വേലായുധൻ-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: മാലതി. മക്കൾ:ബീന, ബബിത, തമ്പാൻ (സ്വകാര്യകോളേജിൽ ഓഫീസ് അസിസ്റ്റന്റ്). മരുമക്കൾ: സജീവ് (പി.ഡബ്ളിയു.ഡി ) ജഗദീഷ് (മസ്കറ്റ് ), അഖില.

കെ.പി.എം.എസ് സംസ്ഥാന ഉപദേശക സമിതി ചെയർമാനായ ബാബു, കുറുമ്പിലാവ് ശാഖാ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ജില്ലാ സെക്രട്ടറിയും സംസ്ഥാന അസി. സെക്രട്ടറിയുമായി.

ഏഴ് തവണ സംസ്ഥാന പ്രസിഡന്റും മൂന്ന് തവണ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 2015ൽ ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോൾ സ്ഥാപക ജനറൽ സെക്രട്ടറിയായി. 2016ൽ നാട്ടിക നിയോജക മണ്ഡലത്തിലും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലും എൻ.ഡി.എ സ്ഥാനാർത്ഥിയായി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. 2011 ൽ നാട്ടിക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 11,144 വോട്ട് ലഭിച്ച സ്ഥാനത്ത് 2016ൽ അത് മൂന്നിരട്ടിയാക്കി 33,650 വോട്ടുകൾ നേടാൻ ബാബുവിന് കഴിഞ്ഞു.