തൃശൂർ: അവകാശങ്ങൾ നേടിയെടുക്കാനും അസമത്വം ചൂണ്ടിക്കാട്ടാനും ചാട്ടുളി പോലുള്ള ഭാഷയിൽ തീപ്പൊരി പ്രസംഗം നടത്തിയായിരുന്നു ടി.വി ബാബു അധഃസ്ഥിത, പിന്നാക്ക സമുദായങ്ങളുടെ മുന്നണിപ്പോരാളിയായത്. അടിച്ചമർത്തപ്പെട്ടവരുടെ വേദനകളും യാതനകളും ശക്തമായി ജനമദ്ധ്യത്തിലെത്തിക്കാൻ മൂർച്ചയേറിയ ആ വാക്കുകൾക്ക് കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും ആ പ്രസംഗം ശക്തമായ ആയുധമായി. കൊള്ളേണ്ടിടത്ത് കൊള്ളുന്ന പ്രയോഗങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളെ തിരുത്താൻ പോന്നതായിരുന്നു. സാമുദായിക, രാഷ്ട്രീയ നേതാവായി ഒരേസമയം ശ്രദ്ധേയനായതും വലിയൊരു വിഭാഗം ജനസമൂഹത്തിന്റെ പിന്തുണയാർജ്ജിച്ചതും അങ്ങനെയായിരുന്നു. നാട്ടിക നിയോജക മണ്ഡലവും ആലത്തൂർ ലോക് സഭാ മണ്ഡലവും തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് ടി.വി ബാബുവിനെ വരവേറ്റത്.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന് കർഷകനായി ജീവിച്ച ബാബുവിന് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ നേരിട്ടുതന്നെ ബോധ്യമുണ്ടായിരുന്നു.ദീർഘകാലം കേരള പുലയ മഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നല്‍കി. 1990 കാലഘട്ടത്തിൽ കടങ്ങോട് പട്ടികജാതി പട്ടയഭൂമിക്കായി നടത്തിയ സമരം ശ്രദ്ധേയമായിരുന്നു.
കർഷകകുടുംബത്തിൽ ജനിച്ച ബാബുവിന്റെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ചെറുപ്പം മുതൽക്കേ കൃഷിയോടായിരുന്നു ആഭിമുഖ്യം. പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിലകൊള്ളുമ്പോഴും കാർഷിക മേഖലയ്ക്കായി ഒട്ടനവധി സംഭാവനകൾ നൽകി. കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.