തൃശൂർ : ചുമട്ടു തൊഴിലാളിയിൽ നിന്ന് പടിപടിയായി ഉയർന്നെത്തിയ ടി.വി ബാബുവിന്റെ ജീവിതം നാട്ടുകാർക്ക് മന:പാഠമാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞ ഭൂതകാലമായിരുന്നു ബാബുവിന്റേത്. കോൾമേഖലയിൽ ചുമട്ട് തൊഴിലാളിയായിരിക്കെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി. എ.ഐ.ടി.യു.സി രൂപീകരിച്ചതിന്റെ പേരിൽ മർദ്ദനമേറ്റെങ്കിലും പിന്മാറിയില്ല. പിന്നീട് രണ്ട് തവണകളിലായി അഞ്ചു വർഷം ചാഴൂർ പഞ്ചായത്തിന്റെ പ്രസിഡന്റ്, രണ്ടുവർഷത്തിലധികം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചു. 2008 ഫെബ്രുവരി 6 ന് സി.പി.ഐ മണ്ഡലം സെക്രട്ടറിയായിരിക്കെ കെ.പി.എം.എസിന്റെ സംസ്ഥാന സെക്രട്ടറിയായി.
സമുദായത്തിന്റെ പതാകയാണ് വലത് കൈയിൽ പിടിക്കേണ്ടതെന്നും പാർട്ടി പതാക ഇടതുകൈയിൽ പിടിച്ചാൽ മതിയെന്നും സമുദായംഗങ്ങളെ ബാബു ഓർമ്മിപ്പിച്ചു. യു.പി.എ അദ്ധ്യക്ഷ സോണിയഗാന്ധിയെ കൊണ്ടുവന്ന് നടത്തിയ കായൽ സമ്മേളനം പാർട്ടിയിൽ ബാബുവിന് എതിർപ്പുണ്ടാക്കി. ഇതിന്റെ പേരിൽ യോഗങ്ങളിൽ വിമർശനമുണ്ടായതോടെ പാർട്ടിയിൽ നിന്ന് രാജിവച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് കെ.പി.എം.എസ് പിളർന്നപ്പോൾ യു.ഡി.എഫിന് സ്‌നേഹം പുന്നല ശ്രീകുമാർ വിഭാഗത്തോടായി. ബാബു വിഭാഗത്തിന് ഇടതിനോടും. 2013 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊച്ചിയിൽ കെ.പി.എം.എസിന്റെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് ഇടത് വലത് മുന്നണികളുടെ നീരസത്തിന് ഇടയാക്കി. അന്നത്തെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത വെള്ളാപ്പള്ളി നടേശനുമായി പിന്നീട് കൈകോർത്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചായത്തുകളിൽ ഒന്നായ ചാഴൂരിൽ പ്രസിഡന്റ് പദവി വഹിച്ച അദ്ദേഹം കാർഷിക മേഖലയിലെ അഭിവൃദ്ധിക്കായി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി. അതോടൊപ്പം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും കാർഷിക മേഖലയ്ക്ക് യോജിച്ച പദ്ധതികൾക്കായിരുന്നു രൂപം നൽകിയത്. ആലപ്പാട്, പുള്ള് കോൾ മേഖലയിലെ ജലസേചന പദ്ധതികളിൽ ഏറെ ശ്രദ്ധപുലർത്തി. സി.പി.ഐയിൽ തന്നെ തുടരുകയാണെങ്കിൽ മന്ത്രിസ്ഥാനം വരെ ലഭിക്കാവുന്ന പ്രവർത്തകനായിരുന്നു ബാബുവെന്നാണ് അന്നത്തെ പല സഹപ്രവർത്തകരുടെയും വിലയിരുത്തൽ..