തൃശൂർ : കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ ജില്ല പിടിച്ചു കയറുകയാണ്. കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അപകടാവസ്ഥയിലല്ല ജില്ല. കഴിഞ്ഞ ദിവസം മൂന്നു പേർ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഇന്നലെ ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവായി. സൂറത്തിൽ നിന്ന് വന്നയാൾക്കാണ് രോഗം ഭേദമായത്. ഒരവസരത്തിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചെങ്കിലും ഇതിൽ നിന്ന് പുറത്ത് കടക്കാമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും ഉള്ളത്. ഏഴ് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായ തൃശൂർ അതിൽ നിന്ന് മുക്തി നേടി പുറത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. കർശന നിയന്ത്രണം ഫലം കണ്ടുവെന്നതിന്റെ സൂചനകളാണ് പരിശോധനാ ഫലത്തിലൂടെ വ്യക്തമാകുന്നത്.
യോജിച്ച പ്രതിരോധം
പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും യോജിച്ചുള്ള പ്രവർത്തനമാണ് ആശ്വാസകരമായ വാർത്തകളിലേക്ക് ജില്ലയെ നയിക്കുന്നത്. പുറത്തിറങ്ങുന്ന ആളുകളെ കർശനമായി നിയന്ത്രിക്കുന്നതിൽ പൊലീസ് പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. ആദ്യ ദിനങ്ങളിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയെങ്കിലും പിന്നീടുള്ള ദിനങ്ങളിൽ പൊലീസ് പിടിമുറുക്കിയതോടെ നിരത്തുകളിൽ ആളുകളുടെ എണ്ണം വളരെ കുറഞ്ഞു. പൊലീസ് അൽപ്പം ഉദാസീനത കാണിച്ചാൽ അപ്പോൾ തന്നെ റോഡിലേക്ക് പായുന്നവരും ഏറെയാണ്. ഇന്നലെ പതിവിലും കൂടുതൽ പേർ റോഡിലിറങ്ങിയതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഗ്രാമ പ്രദേശങ്ങളിൽ പോലും പൊലീസ് ഇടവഴികൾ കേന്ദ്രീകരിച്ച് വരെ പരിശോധന നടത്തിയിരുന്നു. ഡി.എം.ഒ കെ.ജെ റീനയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ സേവന രംഗത്ത് സജീവമാണ്.
..................
വളരെ ആശ്വാസകരമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ പരിശോധനാ ഫലം നെഗറ്റീവായി. ഒരാഴ്ച കൂടി ഇത്തരത്തിൽ മുന്നോട്ട് പോയാൽ ജില്ലയ്ക്ക് കൊറോണ ഭീതിയിൽ നിന്ന് ആശ്വാസം നേടാനാകും. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്..
എസ്. ഷാനവാസ്, ജില്ലാ കളക്ടർ