തൃശൂർ : മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് രോഗം പകരുമെന്ന് സ്ഥിരീകരിച്ചതോടെ തൃശൂർ മൃഗശാലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. സെൻട്രൽ സൂ അതോറിറ്റിയും സംസ്ഥാന സർക്കാരുമാണ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൃശൂർ മൃഗശാല ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന ജീവനക്കാർ പുറത്തു നിന്ന് കൊണ്ടു വന്ന വസ്ത്രങ്ങളും പാദരക്ഷകളും മാറ്റി അണുവിമുക്തമാക്കിയവ ധരിക്കണം. മുഖാവരണവും കൈയുറകളും നിർബന്ധമാണ്. കൂട് വൃത്തിയാക്കുമ്പോൾ പ്രത്യേക അണുനാശിനി തളിക്കണം. കൂടിനുള്ളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ കാലുകൾ വൃത്തിയായി കഴുകണം. കൂടിനു ചുറ്റും അണുനാശിനി തളിക്കണം. കൂടാതെ ബ്ലീച്ചിംഗ് പൗഡർ വിതറണമെന്നും നിർദ്ദേശമുണ്ട്. മൃഗങ്ങൾക്കുള്ള ഭക്ഷണ സാധനം തയ്യാറാക്കുമ്പോഴും നൽകുമ്പോഴും ആവശ്യമായ ശ്രദ്ധ വേണം. പഴങ്ങളും പച്ചക്കറികളും പ്രത്യേക ലായനിയിൽ കഴുകിയാണ് നൽകേണ്ടത്. മൃഗശാലയുടെ കവാടത്തിന് സമീപം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കൂടുതലായി നിറച്ചിടും. വീടുകളിൽ പോയി മടങ്ങുന്ന ജീവനക്കാർ മറ്റ് യാത്രകൾ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ജോലിയിൽ നിന്നും വിട്ട് നിൽക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.