തൃശൂർ : ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചന് താങ്ങായി കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകൾ 2.25 ലക്ഷം രൂപയുടെ പച്ചക്കറികൾ സൗജന്യമായി കൈമാറി. രണ്ടേകാൽ ലക്ഷത്തോളം രൂപയുടെ പച്ചക്കറിയും കിഴങ്ങു വർഗ്ഗങ്ങളും ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സൗജന്യമായി നൽകുകയായിരുന്നു. കുടുംബശ്രീ എം.കെ.എസ്.പി പദ്ധതിയുടെ കീഴിൽ കൃഷി ചെയ്തിരുന്ന 320 ഓളം ജെ.എൽ.ജി യൂണിറ്റുകളാണ് പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അടക്കം 2750 ഓളം കിലോഗ്രാം പച്ചക്കറി സൗജന്യമായി നൽകിയത്.
തക്കാളി, വെണ്ടയ്ക്ക, കോവയ്ക്ക, ബീൻസ്, ചീര, പച്ചമുളക്, കറിവേപ്പില, ഏത്തക്കായ, പഴം, ചേന, കപ്പ, കാച്ചിൽ, ചേമ്പ്, പയർ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, തേങ്ങ, മാങ്ങ, ചക്ക, മത്തങ്ങ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സൗജന്യമായി നൽകിയത്.