തളിക്കുളം: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തളിക്കുളം പഞ്ചായത്ത് പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം നിർബന്ധമാക്കി. ഇതോടനുബന്ധിച്ച് പുതുക്കുളം മുതൽ തളിക്കുളം സ്നേഹതീരം വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യക്കച്ചവട കേന്ദ്രങ്ങൾ, മാർക്കറ്റ് , റേഷൻ കടകൾ, പച്ചക്കറിക്കടകൾ, പലചരക്ക് കടകൾ തുടങ്ങിയിടങ്ങളിൽ പരിശോധന നടത്തി. മാസ്കോ, തൂവാലയോ ധരിക്കാതെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് പൊതു സ്ഥലത്ത് സഞ്ചരിക്കുന്നവരെ ബോധവത്കരിച്ച് മാസ്‌ക് വാങ്ങി നിർബന്ധപൂർവ്വം ധരിപ്പിച്ചു. കടകളിൽ അവശ്യ വസ്തുക്കൾ വാങ്ങാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. പരിശോധനയ്ക്ക് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി .പി. ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എ ജിതിൻ, പി. എം വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഇ.എം മായ എന്നിവർ നേതൃത്വം നൽകി...