തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കുന്ന പകർച്ചവ്യാധി പ്രതിരോധ പരിപാടിയായ ആയുർരക്ഷയ്ക്ക് ആദ്യ സഹായമായി 50,000 രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും തുടർ സഹായം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരിതോമസും വൈസ് പ്രസിഡൻ്റ് ഉദയപ്രകാശനും അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആണ് 'ആയുർരക്ഷ'യുടെ കൺട്രോൾറൂം പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ പേവാർഡ് കോവിഡ് നിരീക്ഷണ വാർഡ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം അതിൽ ഉണ്ടായിരുന്ന ആളുകൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതിനാൽ വീടുകളിലേക്ക് മടങ്ങി. ചിക്കൻപോക്‌സ് ബാധിതരായ 14 പേരാണ് ഇവിടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. അവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതും കുളിക്കുന്നതിനുള്ള ഔഷധ ജലം നൽകുന്നതും ആശുപത്രിയിലെ ജീവനക്കാരാണ്. ജില്ലാ പഞ്ചായത്തിൽ നിന്നും ഇവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ട്. ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ.എം.ജി ശ്യാമള, ഡോ. മേരി സെബാസ്റ്റ്യൻ, ഡോ.സുചിത്ര, ഡോ. മായ , ഡോ.ജെസ്സി എന്നിവരാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

പ്രതിരോധ കിറ്റുകൾ, പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഔഷധ കുടിവെള്ള വിതരണം എന്നിവ നിർമ്മിക്കുന്നത് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരാണ്.