മാള: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ജോലിയാണ് പൊലീസിന്. അപ്പോൾ ജനങ്ങൾക്ക് ഭീഷണിയാകുന്ന വിഷ പാമ്പുകളിൽ നിന്നുവരെ രക്ഷിക്കണമെന്നാണ് തൃശൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഇന്റലിജൻസ് ഓഫീസറും മാള സ്വദേശിയുമായ ഫൈസൽ കോറോത്തിന്റെ അഭിപ്രായം.
ജനങ്ങൾക്ക് ഭീഷണിയാകുന്ന പാമ്പ് ഏത് ഇനമാണെന്ന കാര്യത്തിൽ ഫൈസലിന് വേവലാതിയില്ല. ജനവാസ മേഖലയിലും പൊതുസ്ഥലങ്ങളിലും എത്തുന്നവയെ പിടിക്കാൻ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഫൈസൽ ഓടിയെത്തും. ഇത് പൊലീസിന്റെ സേവനം എന്ന നിലയിൽ കാണുന്നതിനാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നുമില്ല. ഇതുവരെ നൂറുകണക്കിന് പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടിക്കുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറുന്ന രീതിയാണ് ഫൈസലിനുള്ളത്. ഒന്നോ രണ്ടോ ദിവസം വരെ കൂട്ടിൽ സൂക്ഷിച്ച ശേഷമായിരിക്കും വനം വകുപ്പ് അധികൃതർ എത്തൂ. കൂടാതെ കടന്നൽ, തേനീച്ച കൂടുകളും ഒഴിപ്പിക്കാൻ നാട്ടുകാർ വിളിച്ചാൽ ഫൈസൽ പോകും. എന്തിനേറെ ഇടഞ്ഞോടുന്ന പോത്തുകളെ വരെ മെരുക്കാൻ പരിശീലനം നേടിയിട്ടുണ്ട്. പാമ്പുകളുടെ ഇനങ്ങൾ മാത്രമല്ല അവയുടെ ജീവിത രീതികളും പ്രത്യേകതകളും സംബന്ധിച്ച് നിരവധി പഠനങ്ങളാണ് ഫൈസൽ നടത്തിയിട്ടുള്ളത്.