കൊയ്ത്ത് പുനരാരാംഭിച്ചു

തൃശൂർ: അരിമ്പൂരിൽ കൊയ്ത്തിനെത്തിച്ച യന്ത്രത്തിൻ്റെ ഡ്രൈവർമാരായ തമിഴ്നാട് സ്വദേശികളെ പൊലീസ് മർദ്ദിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പക്വത കാണിക്കണമെന്നും മന്ത്രി എ.സി മൊയ്തീൻ പൊലീസിൻ്റെയും കർഷകരുടെയും തൊഴിലാളികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.

ചർച്ചയെ തുടർന്ന്, നിറുത്തി വെച്ച കൊയ്ത്ത് പുനരാരംഭിച്ചു. ബുധനാഴ്ച രാത്രിയിലാണ് അന്തിക്കാട് പൊലീസ് മർദ്ദിച്ചത്. തുടർന്ന്, തൊഴിലാളികൾ സ്റ്റേഷന് മുന്നിൽ രാവിലെ വരെയും പ്രതിഷേധിച്ചു. ജില്ലയിലെ കൊയ്ത്ത് പൂർണ്ണമായും നിറുത്തി വയ്ക്കാനും തീരുമാനിച്ചിരുന്നു. രാത്രിയിൽ ബൈക്കിൽ പാടത്തേക്ക് വരികയായിരുന്ന മൂന്ന് തൊഴിലാളികളെയാണ് പട്രോളിംഗിനെത്തിയ പൊലീസ് മർദ്ദിച്ചത്.

ബൈക്ക് തടഞ്ഞു നിറുത്തിയ പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് മുമ്പ് മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. വാഹനത്തിൻ്റെ രേഖകളും ലൈസൻസുൾപ്പെടെയും പൊലീസിനെ കാണിച്ചു. സമീപത്ത് കൊയ്ത്ത് നടക്കുന്നതും അറിയിച്ചുവെങ്കിലും പറയുന്നത് കേൾക്കാതെ മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി തന്നെ ജില്ലാ കോൾ കർഷക സംഘം നേതാക്കൾ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിനെയും ജില്ലയിലുള്ള മന്ത്രി എ.സി മൊയ്തീനെയും കളക്ടറെയും വിളിച്ചറിയിച്ചു.

രാവിലെ വിഷയം അന്വേഷിച്ച് നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമാവാതെ കൊയ്ത്ത് നടക്കില്ലെന്ന നിലപാടിൽ കർഷകരും തൊഴിലാളികളും നിലപാടെടുത്തതോടെയാണ് മന്ത്രി എ.സി മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, മുരളി പെരുനെല്ലി എം.എൽ.എ, കളക്ടർ എസ്. ഷാനവാസ്, ജില്ലാ കോൾ കർഷക സംഘം പ്രസിഡൻ്റ് കെ.കെ കൊച്ചുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. നെല്ല് വിളവ് പാകമായിട്ടും കൊയ്യാൻ കഴിയാതെ വന്നിരുന്നത് ഏറെ പരാതിക്കിടയാക്കിയിരുന്നു.

പിന്നീട് അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കൊയ്ത്ത് തുടങ്ങിയത്. എന്നിട്ടും ആവശ്യത്തിന് യന്ത്രങ്ങളില്ലാത്തതിനാൽ കൊയ്ത്ത് ഇഴഞ്ഞ് നീങ്ങി. ഇതിനിടയിൽ വേനൽമഴ പെയ്തതോടെ കൂടുതൽ നാശമുണ്ടാവുമെന്നത് കണക്കിലെടുത്ത് ബുധനാഴ്ച മുതൽ കൂടുതൽ കൊയ്ത്ത് യന്ത്രമെത്തിച്ച് രാപ്പകൽ ഭേദമില്ലാതെ കൊയ്ത്ത് തുടങ്ങി. ഇതിനായി തമിഴ്നാട്ടിൽ നിന്നും നൂറ്റമ്പതോളം തൊഴിലാളികളാണ് ഇവിടെയെത്തിച്ചത്. ഇവർക്ക് നേരെയാണ് പൊലീസിൻ്റെ നടപടി. ചർച്ചയെ തുടർന്ന് തൊഴിലാളികളിൽ നിന്നും മൊഴിയെടുക്കാനും പരാതിയുടെ അടിസ്ഥാനത്തിൽ നടപടികളിലേക്ക് കടക്കാനും മന്ത്രി നിർദ്ദേശം നൽകി. മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ രാവിലെ വരെ തുടർന്ന പ്രതിഷേധം അവസാനിപ്പിച്ച് ജില്ലയിലെ കൊയ്ത്ത് പുനരാരംഭിക്കുകയായിരുന്നു