തൃപ്രയാർ: കൊവിഡ് 19 മായി ബന്ധപെട്ടു നാട്ടിക പഞ്ചായത്തിൽ ആരംഭിച്ച ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുന്ന അഗതികളെ സാമൂഹിക പ്രവർത്തകൻ സന്തോഷ് കാളകൊടുവത്ത് മുടി വെട്ടിയും ഷേവ് ചെയ്തും വൃത്തിയാക്കി. നാട്ടിൽ കറങ്ങി നടന്ന് തൃപ്രയാർ അമ്പല നടയിൽ അന്തിയുറങ്ങിയിരുന്നവരും വീട് ഇല്ലാതെ അലഞ്ഞു നടന്നവരെയും തൃപ്രയാർ ബസ് സ്റ്റാൻഡിൽ കഴിഞ്ഞവരെയും താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിൽ വന്നാണ് സന്തോഷ് മുടിവെട്ടികൊടുത്തത്.
വർഷങ്ങളായി തൃപ്രയാർ അമ്പല നടയിൽ താമസിച്ചിരുന്ന കുഞ്ഞിരാമൻ സ്വാമിയെ സന്തോഷിന്റെ നേതൃത്വത്തിൽ മുടിയും താടിയും വെട്ടി കുളിപ്പിച്ച് വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു വാങ്ങി നൽകിയ പുതിയ വസ്ത്രവും അണിയിച്ചു കൊടുത്തു. കുറെക്കാലമായി ആരോരുമില്ലാത്തവരുടെയും ആരുടെയും സഹായമില്ലാതെ കാൻസർ തുടങ്ങി അസുഖങ്ങളാൽ കിടപ്പിലായ രോഗികൾ ഉൾപ്പെടെ അവരവർ ഉള്ളിടത്ത് പോയി സൗജന്യമായി മുടിയും താടിയും വെട്ടി നൽകുന്നയാളാണ് സന്തോഷ്. നാട്ടികയിലെ ക്യാമ്പിലുള്ള 35ഓളം വരുന്ന അഗതികളുടെ മുടിയും താടിയും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് ക്യാമ്പുകളിലെത്തി സൗജന്യമായി വെട്ടികൊടുത്തത്. പഞ്ചായത്ത് മെമ്പർമാരായ പി.എം സിദ്ദിഖ്, സി.ജി അജിത്കുമാർ, എൻ.കെ ഉദയകുമാർ, സന്നദ്ധ പ്രവർത്തകരായ സി.എസ് മണികണ്ഠൻ, ബഷീർ, അഭയ് തൃപ്രയാർ തുടങ്ങിയവർ നേത്യത്വം നൽകി.