ചാലക്കുടി: വിദേശ രാജ്യങ്ങളുടെ പേരു കേൾക്കുമ്പോൾ ഇന്ന് ആളുകളുടെ മനസ് കാളും. പൊന്നു വിളഞ്ഞിരുന്ന ഇടങ്ങളിൽ അവിടെ കൊവിഡ് 19 മഹാമാരി വിതയ്ക്കുന്ന കെടുതി അത്രയും ഭീകരമാണ്.
ചാലക്കുടി വി.ആർ പുരത്തെ പറമ്പാക്കാട്ടിൽ ഉണ്ണിക്കൃഷ്ണന് പക്ഷെ, ആ രാജ്യങ്ങളെ തള്ളിപ്പറയാനാകില്ല. എന്തെന്നോ വിവിധ രാജ്യങ്ങളിലെ നാൽപ്പതോളം ചെടികളും മരങ്ങളും വി.ആർ പുരത്തെ ഈ അറുപത്തിയാറുകാരന്റെ മുക്കാൽ ഏക്കർ വീട്ടുപറമ്പിൽ തഴച്ചുവളരുകയാണ്.
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പത്തു ഫലവർഗ്ഗങ്ങളിൽ മൂന്നെണ്ണം വി.ആർ പുരത്തുണ്ട്. അവക്കാഡ, ദുരിയാൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവ. മലേഷ്യൻ റംബൂട്ടാൻ, പീനറ്റ് ബട്ടർ, മിറാക്കിൾ ഫ്രൂട്ട്, ഫുലാസർ, വിയറ്റ്‌നാമിലെ പ്ലാവ്, മാവ്, ഈജിപ്റ്റിലെ മുരിങ്ങ, പാക്കിസ്ഥാനി മാങ്കോ, ബെൻ ഫ്രൂട്ട് അങ്ങനെ നീളുന്നു ചെറുതും വലുതുമായ വിദേശ കാർഷിക സന്തതികളുടെ പട്ടിക. മിറാക്കിൾ ഫ്രൂട്ട്. പേരു പോലെ അത്ഭുതം കായ്ക്കുന്ന മരമാണ്. ഇത് കഴിച്ചശേഷം തിന്നുന്ന പാവയ്ക്ക പോലും മധുരിക്കും. ഈ മരം അധികം വൈകാതെ കായ്ക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു..
ഒന്നാന്തരം നാടൻ വിളകളും പറമ്പിക്കാട്ടിൽ വീട്ടിലെ പറമ്പിലുണ്ട്. അബുദാബിയിൽ ഓയിൽ കമ്പനിയിൽ രണ്ടര പതിറ്റാണ്ട് ഉദ്യോഗസ്ഥനായിരുന്ന ഉണ്ണിക്കൃഷ്ണൻ യാത്രകൾക്കിടെ വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ചതാണ് ഇവയിൽ ഭൂരിഭാഗവും. നാട്ടിലെ കറക്കത്തിനിടയിൽ നഴ്‌സറികളിൽ നിന്നും മറ്റുള്ളവയും വാങ്ങി. രാസവളങ്ങൾക്ക് ഇയാളുടെ പടിക്കുപുറത്താണ് സ്ഥാനം. രുചി ഭേദങ്ങളുടെ പല ഫലങ്ങളും ഇതിനകം കായ്ച്ചിട്ടുണ്ട്. എല്ലാം പരിസരവാസികൾക്കും ബന്ധുക്കൾക്കും സൗജന്യമായി നൽകും. വിഷരഹിത കൃഷിയെ നെഞ്ചോടു ചേർക്കുകയും ഒപ്പം വിദേശ കൃഷിവിളകളെ വാരിപ്പുണരുകയും ചെയ്യുന്ന ഉണ്ണിക്കൃഷ്ണന് കഴിഞ്ഞ വർഷം ചാലക്കുടി നഗരസഭയുടെ കാർഷിക അവാർഡും ലഭിച്ചു.