ചാലക്കുടി: അഞ്ചു പതിറ്റാണ്ടായി തുടരുന്ന ലോട്ടറി കച്ചവടം ലോക്ക് ഡൗണായിതിന്റെ ആധിയിലാണ് മേലൂർ വെട്ടുകടവിലെ പ്രകാശനും കുടുംബവും. നറുക്കെടുപ്പ് നീട്ടിവച്ചതിനെ തുടർന്ന് അവശേഷിച്ച ആയിരക്കണക്കിന് രൂപയുടെ ടിക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കുമ്പോൾ ഇയാളുടെ മനസിൽ മുഴങ്ങുന്നത് അതിജീവിനത്തിന്റെ പെരുമ്പറ. ഇനിയെന്ന് ഇതെല്ലാം നേരെയാകും, കൈയ്യിൽ പണവുമായി ആളുകൾ ഭാഗ്യ പരീക്ഷണത്തിന് എത്തുമോ? തുടങ്ങിയ ചിന്തകളാണ് 64 കാരൻ ചൂണ്ടാണി വീട്ടിൽ പ്രകാശനെ വേട്ടയാടുന്നത്.

പ്രാകാശന് ഇന്നു എന്തൊക്കെയുണ്ടോ അതെല്ലാം നേടിയത് ഭാഗ്യക്കുറിവിൽപ്പനയിൽ നിന്ന്. ചാലക്കുടിയിലെ ആദ്യകാല ഭാഗ്യക്കുറി ഏജന്റ് എ.എൻ. വേലായുധന്റെ അരുമ ശിഷ്യനായി പതിനൊന്നാം വയസിൽ ഈ രംഗത്ത് കാലൂന്നി. തൃശൂർകാരൻ പ്രകാശനെ മക്കളില്ലാതിരുന്ന കാലത്ത് വേലായുധൻ ദത്തെടുക്കുകയായിരുന്നു. ചാലക്കുടിയിൽ ആദ്യമായി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് പതിറ്റാണ്ടുകൾക്കു മുമ്പ് താറാവു വളർത്തുകാരൻ പൗലോസിനായിരുന്നു. രണ്ടു രൂപയ്ക്ക് വാങ്ങിയ ടിക്കറ്റിന് സമ്മാനം ഏഴു ലക്ഷം രൂപ. ഈ ടിക്കറ്റ് മാമ്പ്രയിൽ വച്ച് വേലായുധൻ നൽകുമ്പോൾ ആ പഴയ കാറിന്റെ ഒരറ്റത്ത് കൊച്ചു പ്രകാശനുമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആശാന്റെ മരണത്തോടെയാണ് പ്രകാശൻ സ്വന്തമായി ഭാഗ്യക്കച്ചവടം തുടങ്ങിയത്. കടംകയറി ഇടയ്ക്ക് കൂലിപ്പണികൾ പരീക്ഷിച്ചു. അഞ്ചുവർമായി മേലൂർ ജംഗ്ഷനിൽ പഴയ ജോലി നോക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ നശിച്ച വീട് പുനഃർനിർമ്മിക്കാൻ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയൊക്കെ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആലോചിക്കുമ്പോൾ ചങ്കിടിപ്പ് ഏറുകയാണെന്ന് പ്രകാശൻ പറയുന്നു. ഇയാളപ്പോലെ ആയിരത്തിൽ കൂടുതൽ ലോട്ടറി വിൽപ്പനക്കാരും ഏജന്റുമാരും ചാലക്കുടിയിലും പ്രാന്ത പ്രദേശങ്ങളിലുമായുണ്ട്. ഇവരുടെ അവസ്ഥയും മറിച്ചല്ല.