photo
പാട്ടൊരുക്കിയ സംഘം

മാള: അകലത്തിലിരുന്ന് അവർ ഒന്നായി പൊരുതുന്നവർക്കുള്ള പാട്ടൊരുക്കി. ആ പാട്ട് സംസ്ഥാന പൊലീസിന്റെ മീഡിയ സെല്ലിന്റെയും ജില്ലാ റൂറൽ പൊലീസിന്റെയും ഔദ്യോഗിക പേജിലടക്കം വൈറലായി മാറി. സ്വന്തം വീടുകളിലിരുന്ന് മൂന്നു പേർ പൊലീസിനായി പൊരുതുന്നവർക്കുള്ള പാട്ട് എന്ന പേരിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഇതിനകം ആയിരക്കണക്കിനാളുകളാണ് ഈ പാട്ട് കേട്ടത്. സാമൂഹിക അകലം പാലിച്ചാണ് മൂന്ന് പേരും ഗാനത്തിന്റെ സൃഷ്ടി നിർവ്വഹിച്ചത്. തൃശൂർ റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥൻ മാള പൂപ്പത്തി സ്വദേശി രാജീവ് നമ്പീശനാണ് രചന നിർവ്വഹിച്ചത്. തയ്യാറാക്കാൻ അണിയറയിൽ പ്രവർത്തിച്ച മൂന്നു പേരും മാളക്കാരാണ്. സംഗീത സംവിധായകനും കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന നാടക മത്സരത്തിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡും നേടിയ അനിൽ മാളയ്ക്ക് വരികൾ അയച്ചു നൽകി. അനിൽ വരികൾക്ക് സംഗീതം നൽകി തന്റെ വീട്ടിലെ റെക്കാഡിംഗ് സ്റ്റുഡിയോയിൽ റെക്കാഡ് ചെയ്ത് രണ്ടു പേരുടെയും സുഹൃത്തായ പൂപ്പത്തി സ്വദേശി മേലേടം ശ്രീകുമാർ മാസ്റ്ററിന് അയച്ചുകൊടുത്തു. ചിത്രകലാ അദ്ധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം മുഴുവൻ സമയവും വീഡിയോ ഗ്രാഫിയും വീഡിയോ എഡിറ്റിംഗുമാണ് ചെയ്യുന്നത്. സുഹൃത്തുക്കളിൽ നിന്ന് രാജീവ് നമ്പീശന് ലഭിച്ച ചിത്രങ്ങൾ ശ്രീകുമാർ ചേർത്തു വച്ചു. ഡെപ്യൂട്ടേഷനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് രാജീവ് നമ്പീശൻ.