ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിൽ വളർത്തു പൂച്ചകൾ ചാകുന്നത് നാട്ടുകാരെ അങ്കലാപ്പിലാക്കുന്നു. രണ്ടാഴ്ച മുമ്പ് ഇവിടുത്തെ ഒരു വീട്ടിൽ വളർത്തുന്ന ഇരുപതോളം പൂച്ചകളാണ് ചത്തത്. പല ദിവസങ്ങളിലായി സംഭവിച്ച ഇവയുടെ മരണത്തെക്കുറിച്ച് നാട്ടുകാർ പഞ്ചായത്തിലും ഫോറസ്റ്റ് സ്‌റ്റേഷനിലും അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് പരിസര വാസി ഇങ്കർസോൾ പറഞ്ഞു. രോഗം മൂലമാണ് പൂച്ചകളുടെ മരണമുണ്ടായതെന്ന് വനപാലകർ പറഞ്ഞെങ്കിലും പോസ്റ്റ് മോർട്ട നടപടികൾ ഉണ്ടായില്ല. ചത്തവയെ എല്ലാം നാട്ടുകാരാണ് കുഴിച്ചുമൂടിയത്. തനിച്ച് താമസിക്കുന്ന ഒരു വൃദ്ധയുടെ വീട്ടിൽ അറുപതോളം പൂച്ചകളാണുണ്ടായിരുന്നത്. ഇപ്പോൾ അവശേഷിക്കുന്നത് പത്തിൽ താഴെ. വ്യാഴാഴ്ചയും ഒരു പൂച്ച ചത്തു. ജീവനോടെയുള്ളവയും അജ്ഞാത രോഗ ലക്ഷണം കാട്ടുന്നുണ്ട്.