ചാലക്കുടി: വാഴച്ചാൽ മേഖലയിലെ ആദിവാസി ഊരുകളിൽ വിഷു കൈനീട്ടവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി. ലോക്ക്ഡൗണിനെ തുടർന്ന് വിനോദ സഞ്ചാര മേഖല അടച്ചതോടെ നിരവധി ആദിവാസികൾക്കാണ് ജോലിയില്ലാതായത്. ദുരിതത്തിലായ 80ഓളം ആദിവാസി കുടുംബങ്ങൾക്ക് വിഷു ആഘോഷിക്കാൻ പത്തിലേറെ ഇനം പച്ചക്കറികളടങ്ങിയ കിറ്റ് നൽകുകയായിരുന്നു. നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ് വേൾഡ് കെയറുമായി യോജിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദേശീയ കോർഡിനേറ്റർ ഷോൺ പെല്ലിശേരി പച്ചക്കറികൾ വാഴച്ചാൽ ഊരുമൂപ്പത്തി ഗീതക്ക് കൈമാറി. പ്രസിഡന്റ് അനിൽ പരിയാരം, ചാർപ്പ റേഞ്ച് ഓഫീസർ ടി. അജികുമാർ, മനേഷ് സെബാസ്റ്റൻ, ജോസ് പാറക്ക, ആൽബിൻ പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു.