തൃശൂർ: ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങളും തൊഴിലാളികളും ഉണ്ടെങ്കിലും കോൾ കർഷകരുടെ മനം പിടയുകയാണ്. കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ അവരുടെ മനസും പിടയുകയാണ്. വ്യാഴാഴ്ച രാത്രി പെയ്ത മഴ പല ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ കൊയ്യാനുള്ള ആലപ്പാട് കോളിൽ. ബുധനാഴ്ച അടക്കം പെയ്ത മഴവെള്ളം കെട്ടിനിൽക്കാതെ വറ്റിയാൽ കുഴപ്പമില്ല. അതിന് വെയിലു വേണം. കാലാവസ്ഥ വകുപ്പിന്റെ വേനൽമഴ പ്രവചനം കർഷകരുടെ നെഞ്ചിടി വീണ്ടും കൂട്ടുകയാണ്.
പകുതിയിൽ ഏറെ പടവുകൾ ഇനിയും കൊയ്യാനുണ്ട്. ജില്ലയിൽ 30,000 ഏക്കർ കോൾ നിലങ്ങളിലാണ് കൃഷിയുള്ളത്. ഇതിൽ 29,000 ഏക്കറിൽ ഇക്കുറി കൃഷിയും ഇറക്കി. നിലവിൽ 14,000 ഏക്കറിൽ നെല്ല് കൊയ്തു. ബാക്കി 15,000 എക്കർ കൊയ്യാനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴ കൊയ്ത്തിനെ വല്ലാതെ ബാധിച്ചിട്ടില്ല. വിതച്ച കൃഷിയിൽ പാകമായ നെല്ല് കൊഴിയുക സ്വാഭാവികമാണ്. മഴവെള്ളം രണ്ടു മൂന്നു ദിവസം വറ്റാതെ നിന്നാൽ അവ മുളക്കാനും സാദ്ധ്യതയുണ്ട്. നടീൽ കൃഷിയാണ് നടത്തിയതെങ്കിൽ വല്ലാതെ കൊഴിയില്ല. നിലവിലെ സാഹചര്യത്തിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിന് പിന്നാലെ കൊയ്ത്ത് നന്നായി നടക്കുന്നുണ്ട്. 85 വാഹനങ്ങളും അവശ്യമായ തൊഴിലാളികളും പടവുകളിൽ സജീവമായി രംഗത്തുണ്ട്.
കൊയ്ത്തു പൂർത്തീകരിക്കാൻ ഒരു മാസം കൂടി
വൈകി കൃഷിയിറക്കിയ മുരിയാട്, അന്തിക്കാട് കോൾപ്പടവുകളിൽ വിഷു കഴിഞ്ഞ് ഈ മാസം 20 ഓടെ മാത്രമേ കൊയ്ത്ത് തുടങ്ങുകയുള്ളു. മുരിയാട് 3,700 ഏക്കർ പടവിലാണ് നെല്ല് പാകമാവുന്നത്. അന്തിക്കാട് 1,650 ഏക്കറും ഇതേ സമയത്ത് തന്നെ കൊയ്ത്തിന് പാകമാവുകയുള്ളൂ. മേയ് പത്തോടെ മാത്രമേ ജില്ലയിലെ മുഴുവൻ പടവുകളിലും കൊയ്ത്ത് കഴിയുകയുള്ളൂ.