vellam

വാഴാനി ഡാമിൽ നിന്നും തുറന്ന് വിട്ട വെള്ളം ആദൂർ പുത്തൻചിറയിൽ എത്തിയപ്പോൾ

എരുമപ്പെട്ടി: പ്രതിഷേധം ഫലംകണ്ടു, ആദൂർ പുത്തൻചിറയിൽ വെള്ളമെത്തി. കഴിഞ്ഞ ദിവസം വാഴാനി ഡാം തുറന്നതിനെ തുടർന്ന് കേച്ചേരി പുഴയിലൂടെ പാറന്നൂർ വരെ മാത്രമാണ് വെള്ളം എത്തിയിരുന്നത്. ആദൂർ പുത്തൻതോട്, എയ്യാൽ കുണ്ട് തോട്, നീണ്ടൂർ തോട് എന്നിവയിലേക്ക് ജലമെത്തിക്കാൻ അധികൃതർ തയ്യാറായില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ആദൂർ, നീണ്ടൂർ, എയ്യാൽ പ്രദേശങ്ങളിലേക്ക് ഈ തോടുകൾ വഴിയാണ് വെള്ളമെത്തിക്കാറുള്ളത്. എന്നാൽ ഇറിഗേഷൻ വകുപ്പ് ഇതുവഴി വെള്ളം തുറന്ന് വിടാതിരിക്കുകയാണുണ്ടായത്. ഇത് മേഖലയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രശ്നത്തിൽ ഇടപെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തതിനെ തുടർന്നാണ് വെള്ളം തുറന്ന് വിട്ടത്. ഇതോടെ പ്രദേശത്തെ കർഷകർക്ക് ആശ്വാസമാകുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്തു.