anagal
ഊട്ടോളി തറവാട്ടിലെകരിവീരന്മാര്‍

പുതുക്കാട്: മീനച്ചൂട് വകവയ്ക്കാതെ ഉത്സവപ്പറമ്പുകളിൽ പതിനായിരങ്ങളുടെ ആവേശമാകേണ്ട കരിവീരന്മാർ കുളിച്ചും, തിന്നും നേരമ്പോക്കില്ലാതെ ബുദ്ധിമുട്ടുന്നു. ദേശീയപാതയ്ക്കരികെ പുതുക്കാടിനും ആമ്പല്ലൂരിനുമിടയിൽ ഊട്ടോളി തറവാട്ടിൽ ആറ് കരിവീരന്മാരാണ് മരത്തണലിൽ ബോറടിച്ച് കഴിയുന്നത്.

തീറ്റയ്ക്ക് സമൃദ്ധമായി പുല്ല് കിട്ടുന്നുണ്ടെങ്കിലും പനമ്പട്ടയ്ക്ക് ക്ഷാമമാണ്. ചൂടിന് കുളിരേകാൻ സമൃദ്ധമായി ലഭിച്ചിരുന്ന തണ്ണിമത്തനും, വെള്ളരിയും ലഭിക്കാത്ത പരിഭവത്തിലാണ് കരിവീരന്മാർ. ആറു പേരിൽ കുട്ടിയായ ചന്തു മുതൽ തലയെടുപ്പിലും പ്രായത്തിലും മുന്നിലായ ഗജേന്ദ്രൻ വരെയുണ്ട്. മാതാ അമൃതാനന്ദമയിയുടെ പരിലാളനകൾ ഏറ്റുവളർന്ന രാമൻ, മഹാദേവൻ, പ്രസാദ്, അനന്തൻ എന്നിവരാണ് ആന തറവാട്ടിലെ മറ്റ് അന്തേവാസികൾ.

കടുത്ത നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇവരുടെ വ്യായാമത്തിന്റെ ഭാഗമായ പതിവു നടത്തവും പരിമിതമായി. പ്രാദേശികമായി ലഭിച്ചിരുന്ന പട്ട വെട്ടി കൊണ്ടുവരാൻ പാപ്പാന്മാർക്കൊപ്പമുള്ള യാത്രയും മുടങ്ങി. ആന തറവാട്ടിൽ കിടന്ന് കുളിക്കാൻ വലിയ ടാങ്ക് ഉണ്ട്. അതിൽ കിടന്നാണ് ഓരോരുത്തരുടെയും നീരാട്ട്.

ഊഴമനുസരിച്ച് എല്ലാവരെയും ദിവസവും കുളിപ്പിക്കും. ഓരോരുത്തരുടെയും കുളി കഴിഞ്ഞാൽ വെള്ളം പൂർണ്ണമായും ഒഴുക്കിക്കളഞ്ഞ് പുതുതായി വെള്ളം നിറച്ചാണ് അടുത്ത ആളുടെ നീരാട്ട്. വാണിയംപാറയിൽ നിന്നും എത്തിക്കുന്ന പുല്ലാണ് ഇപ്പോൾ കൂടുതലായി നൽകുന്നത്. മൂന്ന് മാസത്തോളം മാത്രം വരുന്ന ഉത്സവ സീസണിൽ ലഭിക്കുന്ന ഏക്കം മാത്രമാണ് വരുമാനം.

......................

വർഷം മുഴുവൻ തീറ്റയും, സുഖചികിത്സയും കൂടാതെ പാപ്പാന്മാരുടെ ശമ്പളം, ദിന ബത്ത തുടങ്ങിയ ഭാരിച്ച ചെലവ് ഇത്തവണ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോവിഡ് കാലത്ത് എല്ലാ വിഭാഗത്തിലുള്ളവർക്കും സഹായം നൽകുന്ന സർക്കാർ ആനകൾക്കും സൗജന്യ റേഷനും, ന്യായ വിലയ്ക്ക് തണ്ണിമത്തൻ പോലുള്ള തീറ്റകളും ലഭ്യമാക്കണം

ഊട്ടോളി കൃഷ്ണൻകുട്ടി

ആനഉടമ