അരിമ്പൂർ : മഴ പെയ്തിട്ടും നെല്ല് കൊയ്‌തെടുക്കാൻ കൊയ്ത്ത് യന്ത്രം വിട്ടുനൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് അരിമ്പൂർ അഗ്രോ ഇൻഡസ്ട്രീസ് നെൽക്കർഷകർ ഉപരോധിച്ചു. കൊയ്ത്ത് ലഭിക്കാത്തതിനാൽ പാടത്ത് നെല്ല് നശിക്കുന്ന സാഹചര്യത്തിലാണ് അഞ്ഞൂറേക്കറോളം വരുന്ന രണ്ടു പടവുകളിലെ കർഷകർ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചത്. അരിമ്പൂരിലെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ഡിവിഷണൽ ഓഫീസിലാണ് കുത്തിയിരുപ്പ് നടത്തിയത്. വെളുത്തൂർ വിളക്കുമാടം പടവിൽ 307 ഏക്കർ കോൾപ്പാടത്തിനായി 10 വണ്ടിക്കും, വെളുത്തൂർ കൈപ്പിള്ളി അകമ്പാടത്തിനായി 4 വണ്ടിക്കുമായി പടവുകളിൽ നിന്ന് എഗ്രിമെന്റ് ഒപ്പുവച്ച് അഗ്രോ കോർപറേഷൻ വണ്ടി ഒന്നുക്ക് 20,000 രൂപ വീതം കൈപ്പറിയിരുന്നു.
കൊയ്ത്തിന്റെ ആവശ്യത്തിന് സമയത്ത് വാഹനം ലഭ്യമാക്കാൻ അഗ്രോ അധികൃതർക്കായില്ല. ഈ പടവുകളിൽ 10 ദിവസം മുമ്പ് യന്ത്രങ്ങൾ ലഭിക്കേണ്ടതാണ്. എന്നാൽ ഉത്തരവാദിത്വമില്ലായ്മയിൽ ഒരു യന്ത്രം വീതമാണ് നൽകിയത്. മറ്റു പടവുകളിലും സ്ഥിതി വ്യത്യസ്തമല്ല. കരാർ എടുത്തയാളുകൾ അധികൃതരുടെ ഒത്താശയോടെ ചില പടവുകളിലേക്ക് യന്ത്രങ്ങൾ കൂട്ടത്തോടെ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായി കർഷകർ പറയുന്നത്. അന്തിക്കാട് എസ്.ഐ: വി.കെ മണികണ്ഠന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രശ്‌നത്തിൽ ഇടപെട്ടു. ചർച്ചയെ തുടർന്ന് അടാട് കോൾപ്പടവിൽ നിന്നും എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ രണ്ട് കൊയ്ത്തു മെഷീൻ അടിയന്തരമായി ലഭ്യമാക്കി. വരും ദിവസവും കൂടുതൽ മെഷീൻ ലഭ്യമാക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. അതേ സമയം അടാട്ട് പായിക്കോളിലും ആവശ്യത്തിന് മെഷീൻ ഇല്ലാത്തതിനാൽ കൊയ്ത്ത് പ്രതിസന്ധിയിലാണ്. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി സതീഷ്, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി രാഗേഷ് കെ, കർഷക പ്രതിനിധി ടി.പി ഷിജു, വിളക്കുമാടം പടവ് സെക്രട്ടറി ഷാജൻ സി.വി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
കെടുകാര്യസ്ഥതയുടെ പര്യായം
അരിമ്പൂരിലെ അഗ്രോ കോർപറേഷൻ കെടുകാര്യസ്ഥതയുടെ പര്യായമാണ്. ഡെപ്യൂട്ടി മാനേജർ പൊള്ളാച്ചി സ്വദേശി ശക്തിവേൽ വീട്ടിലിരിപ്പാണ്. പീച്ചിയിലുള്ള ഡിവിഷണൽ എൻജിനീയർ സുരേഷ് കുമാറും ഓഫീസിലെത്തുന്നില്ല. അഗ്രോ കോർപ്പറേഷന്റെ കീഴിലുള്ള അമ്പതോളം യന്ത്രങ്ങളുടെ നിയന്ത്രണവും, പരാതി പരിഹരിക്കലുമെല്ലാം മെക്കാനിക്കിന്റെ ചുമതലയാണ്. ഇക്കാര്യങ്ങളൊന്നും ഏകോപിപ്പിക്കാൻ പോലും ആർക്കുമാകുന്നില്ല..