തൃശൂർ: അമ്പത് നോമ്പിന് ശേഷം ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഉയിർപ്പ് തിരുന്നാളും, അതിന് രണ്ടാം നാൾ വരുന്ന വിഷുവും പൊടിപൊടിക്കാൻ സാധിക്കില്ല. വിപണിയില്ലാത്തതിനാൽ വീട്ടിലെ ആഘോഷം പോലും ചുരുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. തൃശൂരിലെ പ്രധാന മാർക്കറ്റായ ശക്തനിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ആളുകളുടെ വരവ് അപൂർവമാണെന്നാണ് പറയുന്നത്. മത്സ്യമാർക്കറ്റിൽ പുറത്ത് നിന്നുള്ള മത്സ്യങ്ങളാണ് വരുന്നത്. അതിൽ തന്നെ പഴകിയ മത്സ്യങ്ങൾ വൻതോതിൽ പിടിക്കപ്പെടുന്നതിനാൽ ഇവിടെയും വിൽപ്പന കുറവാണ്. വസ്ത്ര, ആഭരണ, ഗൃഹോപകരണ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ പുതുവസ്ത്രം ധരിച്ചുള്ള ഈസ്റ്റർ, വിഷു ആഘോഷവും ഇല്ല. കണിവെള്ളരി വിപണിയും ഇത്തവണ നിർജ്ജീവമാകും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി 14ന് തീരുമെങ്കിലും ഇളവുകളേ ഉണ്ടാകൂവെന്നാണ് വിവരം. പടക്ക വിപണിക്ക് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികൾ നിേവദനം നൽകിയിട്ടുണ്ടെങ്കിലും അവശ്യ വിഭാഗത്തിലുൾപ്പെടാത്തതിനാൽ സർക്കാർ പരിഗണിച്ചിട്ടില്ല.