തൃശൂർ: വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിക്കെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശ കാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനും സഹമന്ത്രി വി. മുരളീധരനും കത്തയച്ചു.
കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർ വലിയ ആശങ്കയിലാണ്. ഗൾഫ് നാടുകളിൽ നിന്ന് അനവധി മലയാളികളും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും വിളിക്കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുകയാണ് ഏറെ പേരും. ഈ ആവശ്യം കേന്ദ്രസർക്കാർ കണ്ടില്ലെന്ന് വയ്ക്കരുത്.
വിദേശങ്ങളിൽ പലയിടത്തും കോവിഡ് 19 പോസിറ്റിവായവരെ ഹോസ്പിറ്റലിലേക്ക് മാറ്റാത്ത സാഹചര്യമുണ്ട്. ഒരാൾക്ക് വന്നാൽ കൂടെയുള്ളവർ കൂടി നരകിക്കേണ്ട സ്ഥിതിയാണ്. കുറച്ചുകൂടി കഴിഞ്ഞാൽ, സ്ഥിതി ഒരുപക്ഷെ ഇനിയും വഷളായാൽ വിദേശികളോടുള്ള സമീപനം മാറിയെന്നും വരാം. ഇന്ത്യ അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ട്.