ചാലക്കുടി: പൊതു നിരത്തിലെ അരുമ സന്തതികളെ വീണ്ടും താലോലിച്ചാണ് കൊന്നക്കുഴിയിലെ സുശീലൻ ചേട്ടൻ കൊവിഡ് കാലം മറികടക്കുന്നത്. അഞ്ചാറ് വർഷമായി ഇവയെ പരിചരിക്കാൻ സമയം കിട്ടാറില്ല. വീടിനോടു ചേർന്ന കച്ചവട സ്ഥാപനത്തിൽ നിന്ന് പുറത്തു കടക്കാൻ നേരം കിട്ടാറില്ല. ആയകാലത്ത് വെള്ളവും വളവും നൽകി പരിചരിച്ചു.
ചായക്കട തുറക്കുന്നതിന് മുമ്പേ പുലർച്ചെ നാലിനൊക്കെയാണ് മോട്ടോർ ഉപയോഗിച്ച് ഇവ നനച്ചിരുന്നത്. ചാണകം അടക്കമുള്ള ഒന്നാന്തരം വളവുമിട്ടു. ഇളം പ്രായത്തിലെ ഇവയുടെ സംരക്ഷണം ഏറെ ശ്രമകരവുമായി. എന്നാൽ ഈ ഹരിത പ്രേമിക്ക് നിരാശപ്പെടേണ്ടി വന്നില്ല. കാട്ടുജാതി, ഉങ്ങ്, കൊടപ്പുളി, ഞാവൽ തുടങ്ങി നിരവധി മരങ്ങൾ അതിരപ്പിള്ളി റോഡിലെ കൊന്നക്കുഴി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് തഴച്ചു വളർന്നു.
ഔഷധ ഗുണമുള്ള മരങ്ങളും ചെടികളും വേറെയുണ്ട്. പലയിടത്തും പരതി നടന്നിട്ടും കിട്ടാതിരുന്ന ചില മരുന്നു ചെടിയുടെ ഇലയും മറ്റും കൊണ്ടു പോകുമ്പോൾ എഴുപത്തിയേഴുകാരൻ സുശീലന്റെ മനസ് ആർദ്രമാകും. ചായക്കടയോടൊപ്പം പലചരക്ക് കച്ചവടവും നടത്തുന്ന ഇയാൾ വീണ്ടും മരങ്ങളെ താലോലിക്കുന്നു. തെരുവ് മൃഗങ്ങളിൽ നിന്നും ഇവയെ രക്ഷിച്ച ഇന്നലെകളെ ഓർത്തെടുത്തുകൊണ്ട്.