ചാലക്കുടി: ഉച്ചയ്ക്ക് പന്ത്രണ്ടിന് മുമ്പുതന്നെ ആട്ടോറിക്ഷ ഒന്ന് വീടിന്റെ മുറ്റത്തെത്തും. പാത്രങ്ങളുമായി ചെന്നാൽ ആവശ്യാനുസരണം ചോറും കറിയും കിട്ടും. അത്താഴത്തിനും ഇതിൽ നിന്നും മാറ്റിവയ്ക്കാം. മേലൂർ പഞ്ചായത്തിലെ അശരണായ നൂറ്റിമുപ്പതോളം ആളുകളുടെ ഭക്ഷണ രീതി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇങ്ങനെയാണ്.

ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ പ്രഖ്യാപനം പ്രാവർത്തികമാക്കുകയാണ് മേലൂർ പഞ്ചായത്ത്. കല്ലൂത്തി സ്‌കൂളിൽ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന ഭക്ഷണമാണ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത്. കടുംബശ്രീ ചെയർപേഴ്‌സൺ ഇന്ദിര മോഹനൻ നേതൃത്വം നൽകുന്ന സമൂഹ അടുക്കളയിൽ എ.ഡി.എസ് ചെയർപേഴ്‌സൺ രേണുക സുരേഷ്, ഷൈനി ബാബു, ശ്രുതി ജ്യോതിഷ് തുടങ്ങിയവർ സഹായികളാകുന്നു.

പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്. ബിജു, വിക്ടോറിയ ഡേവിസ്, അസി. സെക്രട്ടറി സി.എൻ. അനൂപ് എന്നിവർക്കാണ് നടത്തിപ്പ് ചുമതല. സഞ്ചരിക്കുന്ന ഭക്ഷണശാലയെന്ന ആശയം പ്രസിഡന്റ് പി.പി. ബാബുവാണ് മുന്നോട്ടു വച്ചത്. ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പൽ, പൊതിക്കടലാസും ഇലകളും ഒഴിവാക്കൽ തുടങ്ങിയിവയാണ് ഇതിലൂടെ ലക്ഷ്യമിടന്നതെന്ന് പി.പി. ബാബു പറഞ്ഞു.

വിശക്കുന്നവന്റെ വയര് ശുദ്ധമായ ഭക്ഷണം നൽകി നിറയ്ക്കലിൽ മേലൂരില കുടുംബശ്രീ അക്ഷീണം പ്രയത്‌നിക്കുന്നവെന്ന് ചെയർപേഴ്‌സൺ ഇന്ദിര മോഹനൻ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ഭക്ഷണശാലയാൽ ഭക്ഷ്യദാതാക്കളുടെ വയറും മനവുമാണ് നിറയുന്നത്. ഇവർ ഇതു തുറന്നു പറയുകയാണ്. അതിലുപരി പൊതു ജനങ്ങളുടെ സ്വീകാര്യതയും ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നവർക്ക് ലഭിക്കുന്നു.