ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചൊവ്വാഴ്ച്ച. പുലർച്ചെ 2.30 മുതൽ 3 വരെയുള്ള സമയത്താണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. തിങ്കളാഴ്ച്ച രാത്രി ത്രിപ്പുകയ്ക്കു ശേഷം ചുമതലയിലുള്ള ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ശ്രീലകത്ത് വിഷുക്കണി ഒരുക്കും.
മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണക്കലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, നന്ത്യാർവട്ടം, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. മേൽശാന്തി സുമേഷ് നമ്പൂതിരിയാണ് പുലർച്ചെ 2.15ന് ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കുക. ഈ വർഷം വിഷുക്കണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ല. ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യ പ്രവർത്തിക്കാരും, ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ. മൂന്ന് മണിമുതൽ കേളി മുതൽക്കുള്ള നിത്യനിദാന ചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷു നമസ്‌കാര സദ്യ ഇത്തവണ ആഘോഷമില്ലാതെ രണ്ട് പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ല എന്നും പ്രത്യേക സാഹചര്യം മനസിലാക്കി ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസും, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിറും വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.