nanmanikara-
നെന്മണികര കുടുബാരോഗ്യ കേന്ദ്രം

ആമ്പല്ലൂർ: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അഗീകാരം ലഭിച്ചതിൽ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രവും ഉൾപ്പെട്ടതോടെ ജീവനക്കാർ അത്യാഹ്ലാദത്തിൽ. ഒരു വർഷത്തോളമായി ജീവനക്കാർ നടത്തി വന്നിരുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടതിന്റെ സംതൃപ്തിയിലാണ് ആശുപത്രിയിലെ ഇരുപതോളം ജീവനക്കാരും പതിനഞ്ച് ആശാ വർക്കർമാരും.

ജില്ലാതലത്തിലുള്ള പരിശോധനയും സംസ്ഥാന തലത്തിലുള്ള പരിശോധനയ്ക്കും ശേഷം പരിഗണനയിൽ വന്ന നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേഡ് ഉദ്യോഗസ്ഥർ നെന്മണിക്കരയിലെത്തി രണ്ട് ദിവസം തങ്ങിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ആശുപത്രിയിലെ ഒ.പി, ലാബറട്ടറി, ഓഫീസ് പ്രവർത്തനം, രോഗികൾക്ക് നൽകുന്ന സേവനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്. ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാരിന്റെയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെയും ഫണ്ടുകൾക്ക് പുറമെ ഒട്ടേറെ സ്ഥാപനങ്ങളുടെയും ഉദാരമതികളുടെയും സഹായം വിനിയോഗിച്ചു.

എതൊരു സ്വകാര്യ ആശുപത്രിയോടും കിട പിടിക്കുന്ന സംവിധാനമാണ് ഇവിടെ സജ്ജികരിച്ചിട്ടുള്ളത്. ഗേറ്റ് കടന്ന് തറയോട് പാകിയ മുറ്റവും, പുന്തോട്ടവും, മനോഹരമായ ഇരിപ്പിടങ്ങളും കണ്ടാൽ ഇതൊരു ആശുപത്രിയാണോയെന്ന തോന്നലുണ്ടാക്കും. ഒ.പി ടിക്കറ്റ് നൽകുന്നിടം മുതൽ രോഗിയോടുള്ള ജീവനക്കാരുടെ പെരുമാറ്റം വരെയുള്ള കാര്യങ്ങളിൽ ഈ ആതുരാലായം വേറിട്ടതാണ്. രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇടപെടലും മാതൃകയാണ്.

നെന്മണിക്കര ആശുപത്രി

ലഭിച്ചത് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അവാർഡ്

സംസ്ഥാനത്തെ മൂന്ന് ആശുപത്രികളിൽ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രം

അംഗീകാരം ഒ.പി, ലാബറട്ടറി, ഓഫീസ്, സേവനം എന്നിവ വിലയിരുത്തി