തൃശൂർ: വളവും വെയിലും മണ്ണും വേണ്ട, ആറ് ദിവസം കൊണ്ട് ഇലയും തണ്ടും കറിയാക്കാം. കൊവിഡ് വ്യാപന കാലത്തെ ലോക്ക് ഡൗണിൽ വീടിനകത്തിരുന്ന് പച്ചക്കറി കൃഷിയും നടത്താം. വിദേശരാജ്യങ്ങളിൽ വർഷങ്ങളായി പ്രചാരത്തിലുളള മൈക്രോഗ്രീൻ കൃഷിരീതി കേരളത്തിലും 'വൈറലാ'വുകയാണ്. ഹരിത കേരളം മിഷൻ നിർദ്ദേശിക്കുന്ന മൈക്രോഗ്രീൻ:
ചെറുപയർ, വൻപയർ, കടല, ചീര എന്നിവയുടെ വിത്ത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
മുള വന്ന വിത്ത് ഒരു പ്ളാസ്റ്റിക് ടിന്നിലോ ഗ്ളാസ് ബൗളിലോ നനഞ്ഞ തുണി വിരിച്ച് അതിനു മുകളിൽ വിതറുക. വീടിനുളളിലെ ഫിഡ്ജിൻ്റെ മുകളിലോ ജനാലയുടെ അരികിലോ അൽപം വെളിച്ചം മാത്രം വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക. രാവിലെയും വൈകിട്ടും നനയ്ക്കണം. ആറാം ദിവസം വേര് മുളയ്ക്കും. വേര് മുറിച്ച് കളഞ്ഞാൽ തണ്ടും ഇലയും ചേർത്ത് രുചികരവും പോഷക സമൃദ്ധവുമായ കറികൾ തയ്യാറാക്കാം.
ചെറുതെങ്കിലും ഗുണം പതിന്മടങ്ങ്
ചെറിയ ഇലകളും തണ്ടുമാണെങ്കിലും ഇവയുടെ പോഷകഗുണം, മറ്റ് ഇലക്കറിയെക്കാളും പത്തിരട്ടിയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വിത്ത് മുളച്ചു രണ്ടാഴ്ച വരെ വളരാനുള്ള ഊർജം അതിൽ അടങ്ങിയിരിക്കുന്നതിനാൽ പോഷകഗുണം കൂടും. രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചതാണ് മൈക്രോഗ്രീൻ. വിറ്റാമിൻ എ, സി, കെ, ഇ എന്നിവയാൽ സമ്പുഷ്ടം. നിറത്തിലും രുചിയിലും ഗുണത്തിലും മുന്നിൽതന്നെ. കറികളിൽ മാത്രമല്ല, സലാഡിലും ഉപയോഗിക്കാം. പയറുവർഗങ്ങൾ മാത്രമല്ല, ധാന്യങ്ങളും ഇങ്ങനെ മുളപ്പിച്ച് ഉപയോഗിക്കാം. കുറച്ചു മണ്ണും ചകിരിച്ചോറും വെള്ളവും ഉപയോഗിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. വിതയ്ക്കുന്നതിന് മുമ്പായി പാതിമുളച്ച വിത്തുപാകിയ ശേഷം അതിനു മുകളിൽ വിത്തിന്റെ ഇരട്ടി കനത്തിൽ മണ്ണോ ചകിരിച്ചോറോ ഇടണം. രണ്ടാഴ്ചയാണ് പരമാവധി വളർച്ച.
..................
''കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ചെയ്യാവുന്ന മൈക്രോഗ്രീൻ കൃഷിരീതിയാണിത്. ഏറെ പ്രചാരമേറുന്ന ഈ കൃഷിരീതി ജില്ലയിലെ റസിഡൻസ് അസോസിയേഷനുകൾ, പളളികൾ, മറ്റു സന്നദ്ധ സംഘടനകൾ വഴി ആയിരക്കണക്കിന് കുടുംബങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനായി ഹരിത കേരളം മിഷൻ ജില്ലാ ഓഫീസിൽ നിന്ന് വീഡിയോകളും കുറിപ്പുകളും ലഭ്യമാണ്. ''
-പി.എസ് ജയകുമാർ, ജില്ലാ കോ ഓഡിനേറ്റർ
വിവരങ്ങൾക്ക്: ഹരിത കേരളം ജില്ലാമിഷൻ: 9 4 4 6 8 4 9 3 9 5