തൃശൂർ: കാർഷിക സർവകലാശാലയുടെ കോളേജുകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രം ലഭിച്ചിരുന്ന ഇ ജേർണലുകൾ, ഇ ബുക്കുകൾ, ഗവേഷണ പ്രബന്ധങ്ങൾ, ഡാറ്റ ബേസുകൾ എന്നിവ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നും വായിക്കാം. ഇതിനായി ലോഗിൻ ഐഡിയും പാസ് വേഡും ഇമെയിൽ വഴി അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് അയച്ചു. മൂവായിരത്തിലധികം ഇ ജേർണലുകൾ, ധാരാളം ഇ ബുക്കുകൾ, പ്രബന്ധങ്ങൾ, ഡാറ്റബേസുകൾ തുടങ്ങിയവ ലഭ്യമാകും. കാർഷിക ഗവേഷണ കൗൺസിലിന്റെ ലൈബ്രറി കൺസോർഷ്യം, ഡാറ്റബേസ് വെണ്ടറുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്. പ്രബന്ധ കോപ്പിയടി പരിശോധനകളും വീടുകളിൽ ഇരുന്ന് തടസമില്ലാതെ ചെയ്തു കൊടുക്കുന്നുണ്ട്. മറ്റു ലൈബ്രറികൾ, ഗവേഷണ സ്ഥാപനങ്ങൾ, ലൈബ്രറി നെറ്റ് വർക്ക് എന്നിവയിൽ നിന്നും അന്തർ ലൈബ്രറി സേവനം വഴി ആവശ്യമുള്ള രേഖകളും വരുത്തി നൽകുന്നുണ്ട്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കേന്ദ്ര ലൈബ്രറിയിൽ നിന്നും മാറ്റി എടുക്കേണ്ട അത്യാവശ്യമുള്ളവർക്ക് ലോക്ക് ഡൗൺ നിബന്ധനകൾക്കു വിധേയമായി ആഴ്ചയിൽ ഒരു ദിവസം സൗകര്യം നൽകും. മറ്റു സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയിലുള്ളവർക്കും അന്തർ ലൈബ്രറി സേവന നിബന്ധനകൾക്കു വിധേയമായി ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kau.in; www.kaucentrallibrary.org; ഇ-മെയില്‍ - library@kau.in; സർവ്വകലാശാല ലൈബ്രേറിയൻ, ഡോ. എ. ടി. ഫ്രാൻസിസ് 9496839409..