fish-vty

വാടാനപ്പിള്ളിയിൽ പിടിച്ചെടുത്ത പഴകിയ മത്സ്യം കുഴിയെടുത്ത് കുഴിച്ചുമൂടുന്നു

വാടാനപ്പിള്ളി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത 15 ടൺ അഴുകിയ മത്സ്യം കുഴിച്ചുമൂടി. ജില്ലാ ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ സി.എ ജനാർദ്ദനൻ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷമായിരുന്നു മത്സ്യം നശിപ്പിച്ചത്. മാർക്കറ്റിന് സമീപം കുഴിയെടുത്ത് ഫിനോയിലും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ചായിരുന്നു നടപടി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഒഡീഷയിൽ നിന്നും കണ്ടെയ്നറിൽ മത്സ്യം വാടാനപ്പിള്ളി ഫിഷ് മാർക്കറ്റിലെത്തിയത്. തീരദേശമേഖലയിലെ മത്സ്യവിപണിയെ ലക്ഷ്യമാക്കിയാണ് അഴുകിയ മത്സ്യം കൊണ്ടുവന്നത്. നാട്ടുകാരുടെ പരാതിപ്രകാരം ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് നടപടിയെടുത്തത്. ജില്ലയിൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മത്സ്യത്തിന്റെ വരവ് വർദ്ധിച്ചതായി സേഫ്റ്റി കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു. ശീതീകരണ സംവിധാനം ഇല്ലാതെയാണ് വണ്ടികളിൽ മത്സ്യം കൊണ്ടുവരുന്നത്. ജില്ലയിൽ കർശനമായ പരിശോധന തുടരുമെന്ന് കമ്മീഷണർ പറഞ്ഞു.