arrest
അറസ്റ്റിലായവർ

മാള: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലഘട്ടത്തിൽ നിരോധിത വ്യാജചാരായം നിർമ്മിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ . ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആളൂർ സബ് ഇൻസ്പെക്ടർ കെ.എസ് സുശാന്തും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് നടത്തിക്കൊണ്ടിരുന്നവരെ പിടികൂടിയത്.

ഇറ്റലിയിൽ നിന്നും എത്തിയ കുഴിക്കാട്ടുശ്ശേരി പൈനാടത്ത് അന്തോണിയുടെ മകൻ ജോബിയുടെ (44 ) നേതൃത്വത്തിൽ നടത്തിയ വാറ്റാണ് പിടികൂടിയത്. ചാരായം വാറ്റാൻ സഹായികളായി ഉണ്ടായിരുന്ന താഴേക്കാട് സ്വദേശികളായ പോണോളി വീട്ടിൽ ചന്ദ്രന്റെ മകൻ ലിജു (35), തത്തംപള്ളി വീട്ടിൽ ഗാന്ധിയുടെ മകൻ ശ്രീവിമൽ ( 30) എന്നിവരും പിടിയിലായി. ചാലക്കുടി ഡിവൈ.എസ്.പി നൽകിയ വിവര പ്രകാരം പല സംഘങ്ങളായി തിരിഞ്ഞ് കാരൂർ ഭാഗത്തെ ഒഴിഞ്ഞ പറമ്പുകളും തണ്ണീർ തോടുകളും വയലോരങ്ങളും ഒഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ചാരായ വാറ്റ് സംഘം കുടുങ്ങാൻ കാരണമായത്.

കാരൂർ ഭാഗത്ത് ജോബിയുടെ ഉടമസ്ഥതയിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ആളനക്കം കണ്ട് രഹസ്യമായി പരിശോധിച്ചപ്പോൾ സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും ഘടിപ്പിച്ച് വാഷ് പകർത്തി തീ കത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. ഇത് പാകമാകുമ്പോൾ പകർത്തിവയ്ക്കാൻ മൂന്ന് പ്ലാസ്റ്റിക് ഡ്രമ്മുകളും ഉണ്ടായിരുന്നു. കൂടാതെ വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇറ്റലിയിൽ നിന്നും രണ്ടര മാസം മുമ്പാണ് വീട്ടുപണിയുടെ ആവശ്യത്തിനായി ജോബി നാട്ടിലെത്തിയത്. കൂടെ പിടിയിലായവർ രണ്ടു പേരും ഡ്രൈവർ ജോലി ചെയ്യുന്നവരാണ്. സബ് ഇൻസ്പെക്ടർ സുശാന്ത് കെ.എസ്, അഡീഷണൽ എസ്.ഐമാരായ സത്യൻ, സിജുമോൻ , രവി , എ.എസ്.ഐമാരായ ദാസൻ , സന്തോഷ്, ജിനുമോൻ , സാജൻ സീനിയർ സി.പി.ഒമാരായ സുനിൽ, സുനിൽ കുമാർ എ.ബി, സി.പി.ഒമാരായ സുരേഷ് കുമാർ, അനീഷ് എന്നിവരടങ്ങിയ സംഘത്തിന്റെ ശ്രമഫലമായാണ് വാറ്റു സംഘം പിടിയിലായത്. പൊലീസ് എത്തിയപ്പോൾ വാറ്റ് നടക്കുകയായിരുന്നു.