ചാലക്കുടി: ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിലെ മാംസ സ്റ്റാളുകളിൽ വൻ തിരക്ക്. ആളുകളെ നിയന്ത്രിക്കാൻ കഠിനപ്രയ്‌നം ചെയ്ത് പൊലീസ്. രാവിലെ മുതൽ നിരവധിപേർ ഇറച്ചിക്കടകൾക്ക് മുന്നിൽ തടിച്ചുകൂടി. ഓരോ സ്റ്റാളിലും ഇരുപതിൽ അധികം പേർ കൂട്ടം കൂടിനിന്നു.
സ്ഥലത്തെത്തിയ നഗരസഭാ അധികൃതരാണ് വിൽപ്പനശാലയിലെ തിരക്ക് നിയന്ത്രണത്തിലാക്കാൻ പെട്ടന്ന് നടപടികൾക്ക് തുടക്കമിട്ടത്. ഉടൻ പൊലീസും സ്ഥലത്തെത്തി. സ്റ്റാളിന്റെ ഇരുകവാടങ്ങളും കയർകെട്ടി തിരിച്ച് ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. പത്തുപേരെ വീതമാണ് പിന്നീട് കടകളിലേക്ക് കടത്തിവിട്ടത്.
ഉച്ചവരെ ഇറച്ചി വാങ്ങാൻ ആളുകളെത്തി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ്. ആകാശ്, എസ്.ഐ: ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ നിയന്ത്രിച്ചത്. പരിയാരത്തായിരുന്നു അഭൂതപൂർവ്വമായ ജനത്തിരക്ക്. നൂറുകണക്കിനാളുകൾ രാവിലെ മുതൽ കടകൾക്ക് മുന്നിൽ നിരന്നു. അവർ സ്വയം തീർത്ത ക്യൂവും മുന്നൂറു മാറ്ററോളം നീണ്ടു.
പിന്നീട് ഇവിടെയും തിരക്ക് നിയന്ത്രണാതീതമായി. ഇതോടെ എസ്.ഐ: കെ.കെ. ബാബുവിന്റെ നേതൃത്വത്തിവൽ പലവട്ടം പൊലീസ് എത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. പലചരക്ക്, പച്ചക്കറി കടകളിലും ശനിയാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്.